കുവൈറ്റ് മദ്യദുരന്തം: മരിച്ചവരിൽ കണ്ണൂർ സ്വദേശിയും
Friday, August 15, 2025 1:20 AM IST
പഴയങ്ങാടി(കണ്ണൂർ): കുവൈറ്റിൽ കഴിഞ്ഞദിവസമുണ്ടായ മദ്യദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ ഇരിണാവ് സ്വദേശിയും. പൊങ്കാരൻ സച്ചിനാണു (31) മരിച്ചത്.
ഇരിണാവ് സിആർസിക്കു സമീപത്തെ പൊങ്കാരൻ മോഹനൻ-ഗിരിജ ദന്പതികളുടെ മകനാണ്. ഭാര്യ: സിധിന (ഹുസ്ന ഡ്രൈവിംഗ് സ്കൂൾ). മകൾ: സിയ (വിദ്യാർഥി, ഇരിണാവ് ഹിന്ദു എഎൽപി സ്കൂൾ). മൃതദേഹം കുവൈറ്റിലെ നടപടികൾക്കുശേഷം നാട്ടിൽ എത്തിക്കും.
ഇതിനിടെ, വിഷമദ്യം കഴിച്ചു മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 63 പേർ ചികിത്സയിലുണ്ട്. ഇവരിൽ 21 പേരുടെ കാഴ്ച പൂര്‍ണമായോ ഭാഗികമായോ നഷ്ടപ്പെട്ടതായും കുവൈറ്റ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.