വ്യാജഹര്‍ജി: യുവതിക്കെതിരേ കേസ്
Thursday, August 14, 2025 3:49 AM IST
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ച് അപകടത്തില്‍പ്പെട്ടതുമായി ബന്ധപ്പെട്ട് ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ആള്‍മാറാട്ടം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നതിന് വടകരമുക്കിലെ പി. അനീസയ്ക്കെതിരേയാണ് (42) കേസെടുത്തത്. അനീസയുടെ ബന്ധുവായ പതിമൂന്നുകാരനാണ് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയത്.
ഇത് അപകടത്തില്‍പ്പെടുകയും ചെയ്തിരുന്നു. 2024 നവംബര്‍ 17നാണ് സംഭവം. 13കാരന് സ്കൂട്ടര്‍ അപകടത്തില്‍ പരിക്ക് പറ്റിയതായി കാണിച്ച് ഹൊസ്ദുര്‍ഗ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഈ ഹർജിയില്‍ കോടതി നിര്‍ദേശപ്രകാരം ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു.
പുഞ്ചാവിയിലെ യുവാവ് കുട്ടിയെ പിന്നിലിരുത്തി വടകര മുക്ക് ഭാഗത്തുനിന്നും സദ്ദാം മുക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ അപകടത്തില്‍പ്പെട്ടു എന്നായിരുന്നു പരാതി. പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ റോഡിലേക്കു തെറിച്ചുവീണ് കുട്ടിക്കു ഗുരുതരമായി പരിക്കേറ്റെന്നും സൂചിപ്പിച്ചിരുന്നു.
ഈ ഹര്‍ജിയില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് കേസെടുത്തു. തുടര്‍ അന്വേഷണത്തില്‍ ആശുപത്രി രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചപ്പോള്‍ പരാതി വ്യാജമാണെന്നു തെളിഞ്ഞു.
കുട്ടി ഓടിച്ചുപോകുന്നതിനിടെ വീട്ടുമതിലില്‍ ഇടിച്ച് ഇടതുകാലിന് ഗുരുതര പരിക്കേറ്റതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് യുവതിക്കെതിരേ കേസെടുത്തത്. വ്യാജപരാതി വഴി എടുത്ത കേസ് റദ്ദുചെയ്യാന്‍ റിപ്പോര്‍ട്ട് നല്‍കും.