ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനാചരണം നടത്തണം ; ഗവർണറെ തള്ളി സർവകലാശാലകൾ
Friday, August 15, 2025 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ഓഗസ്റ്റ് 14ന് വിഭജനഭീതി ദിനാചരണം നടത്തണമെന്ന ഗവർണറുടെ സർക്കുലർ തള്ളി സർവകലാശാലകൾ. ഗവർണർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചാണ് വിഭജന ഭീതി ദിനാചരണം നടത്തണമെന്നാവശ്യപ്പെട്ടത്.
എന്നാൽ ഇന്നലെ സംസ്ഥാനത്ത് സർവകലാശാലകളിലോ പ്രധാനപ്പെട്ട കോളജുകളിലോ വിഭജന ഭീതി ദിനാചരണം നടത്തപ്പെട്ടില്ല. കാസർഗോഡ് ഗവണ്മെന്റ് കോളജിൽ എബിവിപിയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ പ്രദർശനം സംഘർഷത്തിൽ കലാശിച്ചു. പ്രകടനമായി എത്തിയ എസ്എഫ്ഐ വിദ്യാർഥികൾ പോസ്റ്ററുകൾ നീക്കം ചെയ്തു. മറ്റു സർവകലാശാലകളിലൊന്നും ഇതു സംബന്ധിച്ച് കാര്യമായ പരിപാടികൾ ഒന്നും നടന്നില്ല.
വിഭജനഭീതിദിനാചരണത്തോട് അനുബന്ധിച്ച് സെമിനാറുകളും നാടകങ്ങളും നടത്തണമെന്നായിരുന്നു ഗവർണർ വൈസ് ചാൻസലർമാർക്ക് സർക്കുലർ അയച്ചത്. ഓരോ കോളജുകളിലും നടത്തിയ കാര്യങ്ങളെക്കുറിച്ചുള്ള ഒരു വിവരണവും നല്കണമെന്ന നിർദേശവും വച്ചിരുന്നു
സർവകലാശാലകളുടെ ചരിത്രത്തിൽ ആദ്യമായുണ്ടായ ഈ നിർദേശത്തിനെതിരേ ശക്തമായ പ്രതികരണവുമായി സർക്കാർ നേരിട്ട് രംഗത്തെത്തിയിരുന്നു. ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടെന്നും പരിപാടി മതധ്രുവീകരണത്തിനും സാമുദായിക സ്പർധയ്ക്കും ഇടയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു തുറന്നടിച്ചിരുന്നു.