പാർട്ടി തടവുകാർക്ക് ജയിലിലും പൂട്ട്
Thursday, August 14, 2025 1:37 AM IST
റെനീഷ് മാത്യു
കണ്ണൂർ: ജയിലുകളിലെ കുഴപ്പക്കാരായ പാർട്ടി തടവുകാരെ ജയിലിനുള്ളിൽത്തന്നെ പൂട്ടാൻ സിപിഎം. ജയിലിനുള്ളിൽനിന്ന് പരോളിൽ പുറത്തിറങ്ങുന്ന തടവുകാരുടെ പ്രവർത്തനങ്ങൾ പാർട്ടിയുടെ പ്രതിഛായയെ ബാധിക്കുന്നുവെന്നാണു സിപിഎം വിലയിരുത്തൽ.
ഇതേത്തുടർന്ന് കുഴപ്പക്കാരായ തടവുകാരുടെ വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നല്കിയിട്ടുണ്ട്. ഇവരുടെ പരോളിനുള്ള അപേക്ഷകളിലൂടെ പിടിമുറുക്കാനാണു തീരുമാനം.
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ പാർട്ടി തടവുകാരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഇക്കാര്യം സിപിഎം നേതാക്കൾ ഉൾപ്പെട്ടെ ജയിൽ ഉപദേശകസമിതിക്കും നല്കിയിട്ടുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പോലീസിന്റെ സാന്നിധ്യത്തിൽ ഹോട്ടലിൽ മദ്യപിച്ച സംഭവം വിവാദമായിരുന്നു.
കൂടാതെ, കണ്ണൂർ സെൻട്രൽ ജയിലിലെ ലഹരിസംഘത്തെ നിയന്ത്രിക്കുന്നത് കൊടി സുനിയും സംഘവുമാണെന്നു ജയിൽ വകുപ്പിന്റെ റിപ്പോർട്ടും വന്നിരുന്നു. ഗുരുതരമായ നിരവധി കുറ്റകൃത്യങ്ങൾക്ക് ഈ സംഘത്തിനു പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ സാഹചര്യത്തിൽ പാർട്ടി തടവുകാരെ ജയിലിനുള്ളിൽ കർശനമായി നിരീക്ഷിക്കാനും കോടതികളിൽ വിചാരണക്ക് കൊണ്ടുപോകുന്പോൾ കർശന സുരക്ഷയൊരുക്കാനും ജയിൽ അധികൃതർക്കും നിർദേശം നല്കിയിട്ടുണ്ട്.