വയനാട് വോട്ടുമോഷണ ആരോപണം പൊളിഞ്ഞുപാളീസായി
Friday, August 15, 2025 12:35 AM IST
കോഴിക്കോട്: പ്രിയങ്കാഗാന്ധി തെരഞ്ഞെടുക്കപ്പെട്ട വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം തെറ്റെന്നു തെളിഞ്ഞതായി കോണ്‍ഗ്രസ്.
ഏറനാട് നിയമസഭാ മണ്ഡലത്തിലും കല്‍പ്പറ്റ മണ്ഡലത്തിലും യഥാര്‍ഥ വോട്ടര്‍മാരാണ് വോട്ടുചെയ്തതെന്നും വ്യാജ വോട്ടുകള്‍ ഇല്ലെന്നും ടി. സിദ്ദിഖ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചൗണ്ടേരിക്കുന്നിലെ പോളിംഗ് ബൂത്തില്‍ മന്ത്രി ഠാക്കൂര്‍ വ്യാജന്മാരാണെന്നു കണ്ടെത്തിയ വോട്ടര്‍മാര്‍ യഥാര്‍ഥ വോട്ടര്‍മാരാണ്. ഒരാള്‍പോലും വ്യാജ വോട്ട് ചെയ്തിട്ടില്ല. ഒരു വ്യാജ വോട്ടുണ്ടായിട്ടുണ്ടെങ്കില് തെളിയിക്കാന്‍ കേന്ദ്രമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
വയനാട്ടില്‍ മാത്രമല്ല കേരളത്തില്‍ ഒരിടത്തും ജയിക്കാന്‍ വ്യാജവോട്ട് ചെയ്യേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല. കേന്ദ്രമന്ത്രി വ്യാജമായ ആരോപണം ഉന്നയിക്കാന്‍ മതത്തെ കൂടുപിടിച്ചത് ഹീനമായ നടപടിയാണ്. കേന്ദ്രമന്ത്രി പറഞ്ഞത് മൈമൂന എന്ന സ്ത്രീക്കു മൂന്നിടത്ത് വോട്ടുണ്ടെന്നാണ്.
അതു സത്യവിരുദ്ധമായ ആരോപണമാണ്. മൈൂനയ്ക്ക് 115, 135, 152 എന്നീ ബൂത്തുകളില്‍ വോട്ട് ഉണ്ടെന്നായിരുന്നു ആരോപണം. മൂന്നു ബൂത്തുകളിലും വോട്ടുള്ളത് വെവ്വേറെ മൈമൂനമാര്ക്കാണ്. മൂന്നു പേരും മൂന്നു ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരാണ്. അരീക്കോട്, കാവന്നൂര്‍, കുഴിമണ്ണ പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാര്‍.
കാവന്നൂര്‍ പഞ്ചായത്തിലെ മൈമൂനയ്ക്ക് വോട്ടുള്ളത് 115 -ാം നമ്പര്‍ ബുത്തിലാണ്. ക്രമനമ്പര്‍ 778. കുഴിമണ്ണ പഞ്ചായത്തിലെ മൈമൂനയ്ക്ക് 152-ാം ബൂത്തില്‍ 541 ക്രമനമ്പറിലാണ് േവാട്ട്. അരീക്കോട് പഞ്ചായത്തില്‍ താമസിക്കുന്ന മൈമൂനയ്ക്ക് 135 -ാം നമ്പര്‍ ബൂത്തില്‍ 669 ക്രമനമ്പറിലാണ് വോട്ട്.
ആരോപണം ഉന്നയിക്കാന്‍ കേന്ദ്രമന്ത്രിക്ക് ഡേറ്റ എവിടെനിന്നു കിട്ടിയെന്ന് വ്യക്തമാക്കണം. വ്യാജ ഡേറ്റ ഉപയോഗിച്ചാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
തെരഞ്ഞെടുപ്പു കമ്മീഷന് ഡിജിറ്റല്‍ ഇലക്ട്രോണിക് ഡാറ്റ ബിജെപിക്ക് കൈമാറിയെന്ന് സിദ്ദിഖ് ആരോപിച്ചു. രാഹുലിനു നോട്ടീസ് അയച്ച കമ്മീഷന് അനുരാഗ് സിംഗ് ഠാക്കൂറിനു നോട്ടീസ് അയച്ചില്ല. രണ്ടു നയമാണ് തെരഞ്ഞെടുപ്പു കമ്മീഷന്.
കല്‍പ്പറ്റയില്‍ യഥാര്‍ഥ വോട്ടര്‍മാര്‍ വ്യാജരെന്നു മുദ്രകുത്തിയതിനെതിരേ പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് നിയമ നടപടി സ്വീകരിക്കും. ക്രിമിനല്‍ കുറ്റമാണ് കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. ഈ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.