ദാ വന്നു, ദേ പോയി...; ഒന്നും മിണ്ടാതെ സുരേഷ് ഗോപി
Thursday, August 14, 2025 3:50 AM IST
തൃശൂർ: വിവാദങ്ങൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടിനൽകാതെ കേന്ദ്ര സഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപി.
വോട്ടർപട്ടിക വിവാദം ആളിക്കത്തുന്നതിനിടെ ഇന്നലെ തൃശൂരിലെത്തിയ അദ്ദേഹം മടങ്ങുന്നതുവരെ ഒരു പ്രതികരണവും നടത്തിയില്ല. കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ ""ഇത്രയൊക്കെ സഹായിച്ചതിനു നന്ദി''എന്നുമാത്രമായിരുന്നു പ്രതികരണം.
രാവിലെ വന്ദേഭാരത് എക്സ്പ്രസിൽ തിരുവനന്തപുരത്തുനിന്നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സുരേഷ്ഗോപിയെ സ്വീകരിക്കാൻ നൂറുകണക്കിനു ബിജെപി പ്രവർത്തകർ എത്തിയിരുന്നു. ഒന്പതരയോടെ എത്തിയ സുരേഷ്ഗോ പിയെ മുദ്രാവാക്യം വിളികളോടെയാണു പ്രവർത്തകർ വരവേറ്റത്. കനത്ത പോലീസ് സുരക്ഷയിലാണ് അദ്ദേഹത്തെ സ്റ്റേഷനു പുറത്തേക്കു കൊണ്ടുപോയത്.
പ്ലാറ്റ്ഫോമിലുണ്ടായിരുന്ന മാധ്യമപ്രവർത്തകർ മന്ത്രിയോടു പലതും ചോദിച്ചെങ്കിലും കൈകൂപ്പി തൊഴുത് ചിരിയോടെ ഒന്നും പറയാതെ സുരേഷ്ഗോപി നേരേ രണ്ടാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിലേക്കു കയറി. റെയിൽവേ സ്റ്റേഷനിൽനിന്നു സുരേഷ് ഗോപി അശ്വനി ആശുപത്രിയിലേക്കാണു പോയത്.
കഴിഞ്ഞദിവസം ഉണ്ടായ സിപിഎം - ബിജെപി സംഘർഷത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകരെ കാണുകയായിരുന്നു ലക്ഷ്യം. പരിക്കേറ്റ ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അടക്കമുള്ളവരെ സുരേഷ്ഗോപി സന്ദർശിച്ചു.
സുരേഷ്ഗോപി എന്തെങ്കിലും പറയുമെന്നു കരുതി മാധ്യമപ്രവർത്തകർ അവിടെയും എത്തിയെങ്കിലും മൗനം തുടർന്നു. ആശുപത്രിക്കു പുറത്തെത്തിയപ്പോൾ മാധ്യമപ്രവർത്തകർ വീണ്ടും പ്രതികരണം തേടിയപ്പോഴാണ് ""ഇത്രയൊക്കെ സഹായിച്ചതിനു നന്ദി’’എന്നുമാത്രം പറഞ്ഞുകൊണ്ട് കൈകൂപ്പി നടന്നുനീങ്ങിയത്. തുടർന്ന് അദ്ദേഹം ചേറൂരിലെ തന്റെ ഓഫീസിലേക്കു പോയി.
കഴിഞ്ഞദിവസം സിപിഎം നടത്തിയ പ്രതിഷേധ മാർച്ചിൽ എംപി ഓഫീസിന്റെ ബോർഡിൽ കരിഓയിൽ ഒഴിച്ചിരുന്നു. ബിജെപി നേതാക്കളായ അഡ്വ. കെ. ഗോപാലകൃഷ്ണൻ, കെ.ആർ. ഹരി തുടങ്ങിയവർ സുരേഷ്ഗോപിക്കൊപ്പമുണ്ടായിരുന്നു.