സര്‍ക്കാര്‍ നടപടികള്‍ക്കെതിരായ വിമര്‍ശനം കലാപാഹ്വാനമായി കാണാനാകില്ല: ഹൈക്കോടതി
Thursday, August 14, 2025 4:04 AM IST
കൊച്ചി: സര്‍ക്കാര്‍ നടപടികള്‍ക്കെതിരേയുള്ള വിമര്‍ശനം കലാപാഹ്വാനമായി കാണാനാകില്ലെന്നു ഹൈക്കോടതി. ജോലി തടസപ്പെടുത്തുകയോ നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയോ ചെയ്താല്‍ മാത്രമേ ദുരന്തകൈകാര്യ നിയമപ്രകാരം കേസെടുക്കാനാകൂ.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവന സ്വീകരിക്കുന്നതിനെതിരേ വാട്സാപ് ഗ്രൂപ്പില്‍ കമന്റിട്ട കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയാണു കോടതി നിരീക്ഷണം.
ദുരിതാശ്വാസനിധിയിലേക്കു സംഭാവനകള്‍ അഭ്യര്‍ഥിക്കുന്നത് നിയമപ്രകാരമുള്ള ഉത്തരവല്ല. അതിനാൽ ഇതില്‍ കമന്റിടുന്നത് നിയമലംഘനമാകില്ല. വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കുന്നവരെ ക്രിമിനല്‍ കേസ് ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ വ്യക്തമാക്കി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ടാണ്, തിരുവനന്തപുരം സ്വദേശി വി.എസ്. ഗൗരി ശങ്കരി, കാസര്‍ഗോഡ് സ്വദേശി യു. പ്രശാന്ത് ബെല്ലുലായ എന്നിവര്‍ കമന്റിട്ടത്. തുടര്‍ന്നാണു കലാപാഹ്വാനം, ദുരന്തകൈകാര്യ നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
സംഭാവന നല്കുന്നതു ജാഗ്രതയോടെ വേണമെന്ന പോസ്റ്റ് കലാപമുണ്ടാക്കാന്‍ പര്യാപ്തവും സംഭാവന തടയാന്‍ ലക്ഷ്യമിട്ടുമാണെന്നായിരുന്നു പ്രോസിക്യൂഷന് വാദം.
ഫണ്ട് ദുരുപയോഗത്തെക്കുറിച്ച് ഭരണകക്ഷിക്കെതിരേ അഭിപ്രായം പറയുന്നത് കലാപാഹ്വാനമാണെന്നു പറയുന്നത് അസംബന്ധമാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
സര്‍ക്കാരിനോ ഒരുവിഭാഗം ജനതയ്ക്കോ ഇഷ്ടപ്പെട്ടില്ലെന്നതു ക്രിമിനല്‍ പ്രോസിക്യൂഷനുള്ള കാരണമല്ല. അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന അനുവദിക്കുന്നുണ്ട്. ജനാധിപത്യത്തില്‍ ന്യായമായ വിമര്‍ശനവും വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.