കൊല്ലപ്പെട്ടതു ജെയ്നമ്മതന്നെ; സെബാസ്റ്റ്യന്‍ കുരുക്ക് മുറുകുന്നു
Friday, August 15, 2025 12:35 AM IST
കോട്ടയം: അതിരമ്പുഴ ജെയ്നമ്മ കൊലക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കിന് കൂടുതല്‍ തെളിവ്. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടിലെ കുളിമുറിയില്‍ ടൈലിനിടെയില് പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്നമ്മയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തിരുവനന്തപുരം ഫോറസിക് ലാബില്‍ തെളിഞ്ഞു. കുളിമുറി കഴുകി വൃത്തിയാക്കാന്‍ ഉപയോഗിച്ച സ്ക്രബറും കണ്ടെത്തിയിരുന്നു. വീട്ടിനുള്ളിലും രക്തക്കറ കണ്ടെത്തിയിരുന്നു.
ജെയ്നമ്മയെ വെട്ടിയോ കുത്തിയോ കൊലപ്പെടുത്തി ചുട്ടരിച്ചശേഷം കത്തിയോ വസ്ത്രമോ ബാത്ത് റൂമില്‍ കഴുകിയിട്ടുണ്ടാകാനാണ് സാധ്യത. ജെയ്നമ്മയുടേതെന്നു കരുത്തുന്ന വാനിറ്റി ബാഗും വസ്ത്ര അവശിഷ്ടങ്ങളും സമീപത്തെ കുളത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. അടുപ്പില്‍ കത്തിച്ച നിലയില്‍ ലേഡീസ് വാച്ചിന്റെ ഡയലും ലഭിച്ചിരുന്നു.
ജെയ്നമ്മയുടെ മൃതദേഹം മറവുചെയ്തു മാസങ്ങള്‍ക്കു ശേഷം അസ്ഥികള്‍ പുറത്തെടുത്തു വീണ്ടും കത്തിച്ചിട്ടുണ്ടാകാം എന്നും സംശയമുണ്ട്. ജെയ്നമ്മയുടെ 11 പവന് ആഭരങ്ങളില്‍ അഞ്ചു പവന് 24ന് സെബാസ്റ്റ്യന്‍ സഹായിയെ അയച്ച് പണയം വച്ച് പണമെടുത്തിരുന്നു.
വിവിധ പണമിടപാട് സ്ഥാപനങ്ങളിലായി പണയം വെച്ച ആഭരണങ്ങള്‍ ജെയ്നമ്മയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രണ്ടാഴ്ച തുടരെ ചോദ്യം ചെയ്തിട്ടും വിവരങ്ങളൊന്നും വെളിപ്പെടുത്താന്‍ തയാറാകാത്ത സെബാസ്റ്റ്യനെ വ്യാഴാഴ്ച വൈകുന്നേരം വീണ്ടും റിമാന്‍ഡ് ചെയ്തു.
ഭാവമാറ്റമില്ലാതെ സെബാസ്റ്റ്യന്‍
കോട്ടയം: കൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും തിക്കു പ്രശ്നമല്ലെന്നും ഒരു കേസും വ്യക്തമായി തെളിയിക്കാന്‍ സാധിക്കില്ലെന്നും ഈസിയായി പുറത്തിറങ്ങുമെന്നും സീരിയല്‍ കില്ലര്‍ സെബാസ്റ്റ്യന്റെ വെല്ലുവിളി. രണ്ടാഴ്ച ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടും വ്യക്തമായ ഉത്തരം നല്‍കാതെയും പോലീസിനെ വഴിതെറ്റിച്ചും വൈദഗ്ധ്യം തെളിച്ച പ്രതിക്ക് കൂസലില്ല.
ജെയ്നമ്മ കൊലക്കേസില്‍ വ്യക്തമായ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ക്ഷീണവും ഉറക്കവും അഭിനയിച്ച് തന്ത്രം പയറ്റി. ദൂരൂഹസാഹചര്യത്തില്‍ കാണാതായ ബിന്ദു, ഐഷ, സിന്ധു എന്നിവരെ പരിചയമുണ്ടെന്നല്ലാതെ മറ്റൊന്നും അറിവില്ലെന്നാണ് മൊഴി.
ചേര്‍ത്തലയിലെ വീട്ടിലും കുളിമുറിയിലും കണ്ടെത്തിയ രക്തം തന്റേതാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. പ്രമേഹരോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമാണ് അവകാശവാദം.
ശബ്ദരേഖ പുറത്ത്
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാന കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്ത് ഫ്രാങ്ക്ളിനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്.
സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും വസ്തു ബ്രോക്കര്‍മാരാണ്. ദല്ലാളായ സോഡാ പൊന്നപ്പന് അയല്‍വാസിയായ കടക്കരപ്പള്ളി സ്വദേശിനി ശശികലയോടാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്.
നാലു വര്‍ഷം മുമ്പാണ് ശശികലയോട് സോഡ പൊന്നപ്പന് സംസാരിച്ചത്. ശബ്ദരേഖ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണ്. ശശികലയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്ന് ബിന്ദുവിനെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് പൊന്നപ്പന് പറയുന്നത് ശബ്ദരേഖയിലുണ്ട്.
ബിന്ദു പത്മനാഭന്റെ സ്വത്ത് വില്ക്കാന് വേണ്ടി സെബാസ്റ്റ്യനെയും ഫ്രാങ്ക്ളിനെയും താനാണ് പരിചയപ്പെടുത്തിക്കൊടുത്തതെന്ന് ഇയാള്‍ പറയുന്നുണ്ട്. ബിന്ദുവിന്റെ കൈയില്‍ പണമുണ്ടെന്ന് മനസിലായതോടുകൂടി സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും അവിടത്തെ സ്ഥിരം സന്ദര്‍ശകരായി. ബിന്ദുവിനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേര്‍ന്ന് ലഹരി നല്കി മയക്കിയശേഷം ശുചിമുറിയില്‍ വച്ച് കൊലപ്പെടുത്തിയെന്നും ശബ്ദരേഖയിലുണ്ട്.