കുറവിലങ്ങാട് ദേവമാതാ കോളജിന് ഓട്ടോണമസ് പദവി
Wednesday, August 13, 2025 1:50 AM IST
കുറവിലങ്ങാട്: ദേവമാതാ കോളജിന് ഓട്ടോണമസ് പദവി ലഭിച്ചു. പ്രവര്‍ത്തനത്തിന്റെ ആറു പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കെയാണു കോളജിന് ഈ സമുന്നത പദവി ലഭിക്കുന്നത്.
നാക്, എന്‍ഐആര്‍എഫ്, കെഐആര്‍എഫ് എന്നീ റാങ്കിംഗുകളില്‍ കോട്ടയം ജില്ലയില്‍ത്തന്നെ ഒന്നാംനിരയിലുള്ള കോളജ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ മര്‍ത്ത് മറിയം അര്ക്കദിയാക്കോന് തീർഥാടനകേന്ദ്രത്തിന്റെ മാനേജ്മെന്റിലാണു പ്രവര്‍ത്തിക്കുന്നത്.
ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി മാനേജരായും ഡോ. സുനില്‍ സി. മാത്യു പ്രിന്‍സിപ്പലായും ഫാ. മാത്യു കവളമ്മാക്കല്‍ വൈസ് പ്രിന്‍സിപ്പലായും ഫാ. ജോസഫ് മണിയഞ്ചിറ ബര്‍സാറായും നിലവില്‍ സേവനം ചെയ്യുന്നു.
കോളജില്‍ 11 ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളാണുള്ളത്. ഇതില്‍ ഒന്‍പതെണ്ണം എയ്ഡഡ് വിഭാഗത്തിലും രണ്ടെണ്ണം സ്വാശ്രയവിഭാഗത്തിലുമാണ്. ബിരുദാനന്തര ബിരുദ തലത്തില്‍ എയ്ഡഡ് മേഖലയില്‍ അഞ്ചും സ്വാശ്രയ മേഖലയില്‍ മൂന്നും പ്രോഗ്രാമുകളാണുള്ളത്. ഇംഗ്ലീഷ്, മലയാളം വിഷയങ്ങളില്‍ ഗവേഷണവിഭാഗങ്ങളുമുണ്ട്.