മാര്‍ ജോര്‍ജ് കോച്ചേരി സ്നേഹത്തിന്റെ അജപാലകന്: മാര്‍ തട്ടില്‍
Friday, August 15, 2025 12:35 AM IST
ചങ്ങനാശേരി: വത്തിക്കാന്‍ അപ്പസ്തോലിക് മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മെത്രാഭിഷേകരജതജൂബിലി ആഘോഷം മാതൃരൂപതയുടെ സ്നേഹാദരവായി.
മാര്‍ ജോര്‍ജ് കോച്ചേരി പൗരോഹിത്യവും മെത്രാഭിഷേകവും സ്വീകരിച്ച ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയാണ് ജൂബിലി സംഗമത്തിന് വേദിയായത്. മാര്‍ ജോര്‍ജ് കോച്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു.
സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വചനസന്ദേശം നല്കി. പ്രതിസന്ധികളുള്ള രാജ്യങ്ങളില്‍പോലും മാര്‍പാപ്പമാര്‍ നല്കിയ നയതന്ത്ര ജോലികള്‍ പരിഭവങ്ങളില്ലാതെ ഏറെ ഉത്തരവാദിത്വത്തോടെ പൂര്‍ത്തിയാക്കാന്‍ മാര്‍ ജോര്‍ജ് കോച്ചേരി ക്കു കഴിഞ്ഞെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
പാരിഷ്ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സ്വാഗതം ആശംസിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, തക്കല ബിഷപ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത്, അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ, അസംപ്ഷന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, അതിരൂപത കത്തോലിക്കാകോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു. കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ മംഗളപത്രം വായിച്ചു. മാര്‍ ജോര്‍ജ് കോച്ചേരി മറുപടി പ്രസംഗം നടത്തി.
എസ്എബിഎസ് പ്രൊവിന്‍ഷ്യൽ സിസ്റ്റര്‍ ലില്ലി റോസ് പ്രാര്‍ഥനാശുശ്രൂഷ നയിച്ചു. വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് നന്ദിയര്‍പ്പിച്ചു. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപത വികാരിജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. ജോണ്‍ തെക്കേക്കര, മോണ്‍. സ്കറിയ കന്യാകോണില്‍, ചാന്‍സലര്‍ ഫാ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍, മാര്‍ ജോര്‍ജ് കോച്ചേരിയുടെ കുടുംബാംഗങ്ങള്‍, വൈദികര്‍, സന്യസ്തര്‍, അല്മായ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.