വിദ്യാർഥിനിയുടെ ആത്മഹത്യ; റമീസിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തിനെയും പ്രതിചേർക്കും
Wednesday, August 13, 2025 1:50 AM IST
കോതമംഗലം: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ (24) കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കേസിൽ പ്രതിചേർക്കുമെന്ന് പ്രത്യേക അന്വേഷണസംഘം.
റമീസിന്റെ ബന്ധുക്കളെയും സുഹൃത്തിനെയും ഇന്നുതന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
വിദ്യാർഥിനിയെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കാൻ നടത്തിയ ക്രൂരമർദനവും യുവതി അനുഭവിച്ച ദുരിതങ്ങൾ വിവരിക്കുന്ന ആത്മഹത്യാക്കുറിപ്പും റമീസിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിലെ ചില ദൃശ്യങ്ങളും വാട്സാപ് ചാറ്റുകളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു. വിദ്യാർഥിനിയുടെ അമ്മയും സഹോദരനും നൽകിയ സുപ്രധാന വിവരങ്ങളുടെകൂടി അടിസ്ഥാനത്തിലാണു ബന്ധുക്കളെ പ്രതിചേർക്കാൻ പോലീസ് ഒരുങ്ങുന്നത്.
റമീസും കുടുംബാംഗങ്ങളും മതംമാറ്റത്തിനു നിർബന്ധിച്ചതിനാലും അപമാനിക്കപ്പെട്ടതിനാലുമാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതു മുഖവിലയ്ക്കെടുത്ത് അന്വേഷണസംഘം നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് അമ്മയുൾപ്പെടെ കുടുംബാംഗങ്ങളും ആത്മത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള റമീസിന്റെ സുഹൃത്തും പ്രതിപ്പട്ടികയിലേക്ക് എത്താനിടയായത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കോതമംഗലം ഇൻസ്പെക്ടർ പി.ടി. ബിജോയ് എന്നിവരുൾപ്പെടുന്ന പ്രത്യേക സംഘമാണു കേസ് അന്വേഷിക്കുന്നത്.