ടിറ്റോയ്ക്ക് സര്‍ക്കാരിന്റെ കാരുണ്യഹസ്തം
Thursday, August 14, 2025 3:49 AM IST
കോഴിക്കോട്: നിപ്പബാധയെത്തുടര്ന്ന് രണ്ടുവര്‍ഷമായി അബോധാവസ്ഥയില്‍ തുടരുന്ന ആരോഗ്യപ്രവര്ത്തകന് സര്‍ക്കാരിന്റെ കാരുണ്യഹസ്തം.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ദക്ഷിണ കന്നഡ സുണ്ടകട്ടെ തുമ്പിയ ഹൗസില്‍ ടിറ്റോ തോമസിനാണ് 17 ലക്ഷം രൂപ ധനസഹായമായി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണു തുക നല്‍കുക.
ബിഎസ്സി നഴ്സിംഗ് കഴിഞ്ഞ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യവേയാണ് രോഗബാധിതനില്നിന്ന് ടിറ്റോയ്ക്കു നിപ്പ പിടികൂടിയത്. 2023 ഓഗസ്റ്റിലായിരുന്നു സംഭവം. ഒരു മാസത്തെ ക്വാറന്റെെന് കഴിഞ്ഞയുടനെ നിപ്പയുടെ പരിണിതഫലമായി ബ്രെയിന്‍ എന്‍സെഫലൈറ്റിസ് എന്ന രോഗം പിടികൂടുകയായിരുന്നു.
അബോധാവസ്ഥയില്‍ കോഴിക്കോട്ട് ജോലി ചെയ്ത ആശുപത്രിയില്‍ എത്തിച്ചു. ഇപ്പോഴും അവിടെ ചികില്‍സയില്‍ കഴിയുകയാണ്. കണ്ണുതുറക്കുമെന്നുമാത്രം. ഭക്ഷണം ട്യൂബിലൂെടയാണു നല്‍കുന്നത്. തൊണ്ടയില്‍ ഘടിപ്പിച്ച ട്യൂബിലൂടെയാണ് 24 വയസുകാരന് ശ്വാസോച്ഛാസം നടത്തുന്നത്. മാതാപിതാക്കളായ തോമസും ഏലിയാമ്മയുമാണ് ആശുപത്രിയില്‍ ടിറ്റോയെ പരിചരിക്കുന്നത്.
2023 ഏപ്രില്‍ 23നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി പ്രവേശിച്ചത്. ഓഗസ്റ്റ് അവസാനം ഇതേ ആശുപത്രിയില്‍ കടുത്ത പനിയുമായെത്തുകയും ഇവിടെവച്ച് മരിക്കുകയും ചെയ്ത രോഗിക്കു മരണശേഷം നിപ്പ സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗിയെ പരിചരിക്കുന്നതിനിടെയാണ് ടിറ്റോയ്ക്ക് രോഗബാധ ഉണ്ടായത്.
ടിറ്റോ അബോധാവസ്ഥയിലായതോടെ കുടുംബം സാമ്പത്തികമായി തകര്‍ച്ചയിലായിരുന്നു. ടിറ്റോയുടെ സഹോദരന് ടിജോ തോമസിനു ബംഗളൂരുവില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുണ്ട്. അതുകൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. കുറേക്കാലം ടിജോയായിരുന്നു ജോലിക്കുപേകാതെ ആശുപത്രിയില്‍ ടിറ്റോയ്ക്കു പരിചരണത്തിന് ഉണ്ടായിരുന്നത്.
ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് ടിറ്റോയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പ്രതിപക്ഷ നേതാവിനും നിവേദനം നല്‍കിയിരുന്നു.