കേര പദ്ധതി: ലോകബാങ്ക് കത്ത് ചോർന്നത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
Thursday, August 14, 2025 1:36 AM IST
തിരുവനന്തപുരം: കേര പദ്ധതിക്കായി ലോകബാങ്ക് അനുവദിച്ച പണം കൃഷിവകുപ്പിനു ലഭ്യമാക്കുന്നത് വൈകുന്നു എന്ന വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയും രണ്ടു തട്ടിൽ.
ലോകബാങ്കിന്റെ കത്തിന്റെ പകർപ്പ് മാധ്യമങ്ങളിൽ വന്നതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി. എന്നാൽ മാധ്യമസ്ഥാപനങ്ങൾക്കെതിരെയോ പത്രവാർത്തയ്ക്കെതിരെയോ ഒരു അന്വേഷണവും ഉണ്ടാവില്ലെന്നു കൃഷിമന്ത്രി.
ഈ വിഷയത്തിൽ ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി പി. പ്രസാദും വ്യത്യസ്ത നിലപാടാണ് സ്വീകരിക്കുന്നത്. ‘കേര’ പദ്ധതിക്ക് ലോകബാങ്ക് തുക അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തിന്റെ പകർപ്പ് മാധ്യമങ്ങളിൽ വരാൻ ഇടയായ സാഹചര്യത്തെപ്പറ്റി സർക്കാർ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്.
അതീവരഹസ്യ സ്വഭാവത്തിലുള്ള കത്തുകൾ ചോരുന്നതും അത് മാധ്യമങ്ങളിൽ അച്ചടിച്ചു വരുന്നതും ഒരു ധനകാര്യ സ്ഥാപനത്തിന്റെ മുന്നിൽ സർക്കാരിന്റെ വിശ്വാസ്യതാ ചോർച്ചയ്ക്കു കാരണമാവും. അത്തരമൊരു വീഴ്ച എങ്ങനെയുണ്ടായി എന്നു മനസിലാക്കുന്നത് സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.
തെറ്റായ രീതിയിൽ വാർത്ത വന്നതുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനെയും ഉത്തരവാദികളെ കണ്ടെത്താൻ ശ്രമിക്കുന്നതിനെയും മാധ്യമവിരുദ്ധ നീക്കമായി വ്യാഖ്യാനിക്കേണ്ടതില്ല.
ചുമതലാനിർവഹണത്തിൽ വീഴ്ചയോ തെറ്റായ കാര്യങ്ങളോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക എന്നത് സ്വാഭാവിക നടപടിക്രമം ആണ്. അത് ആരുടെയെങ്കിലും തോന്നലിന്റെയോ നിർബന്ധത്തിന്റെയോ ഫലമായി ഉണ്ടായതല്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.
ഒരു മാധ്യമപ്രവർത്തകനെക്കുറിച്ചോ ഒരു മാധ്യമസ്ഥാപനത്തെക്കുറിച്ചോ അന്വേഷിക്കാൻ കൃഷിവകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പി. പ്രസാദ് പറഞ്ഞു.