ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി മെത്രാഭിഷേക രജതജൂബിലി ധന്യതയില്‍
Thursday, August 14, 2025 3:50 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: കുട്ടനാടിന്റെ ഗ്രാമവിശുദ്ധിയില്‍ വളര്‍ന്ന് ആഗോള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനില്‍ വിവിധ മാര്‍പാപ്പമാരുടെ നയതന്ത്ര പ്രതിനിധിയായി നിരവധി രാജ്യങ്ങളില്‍ സേവനമനുഷ്ഠിച്ച മുന്‍ നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി മെത്രാഭിഷേക രജതജൂബിലി നിറവില്‍.
പോള്‍ ആറാമന്‍ മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വരെയുള്ളവരോടൊപ്പം പ്രവര്‍ത്തിക്കാനുള്ള നിയോഗം മാര്‍ കോച്ചേരിക്കുണ്ടായി. ഫാന്‍സിസ് മാർപാപ്പയോട് അടുത്ത ബന്ധമുണ്ടായിരുന്ന മാര്‍ കോച്ചേരി സമര്‍പ്പിച്ച രാജിക്കത്ത് സ്വീകരിക്കാന്‍ മാർപാപ്പ തയാറായില്ല. തന്റെ അനാരോഗ്യം ബോധ്യപ്പെടുത്തിയശേഷമാണ് 2022 ഓഗസ്റ്റ് 24ന് രാജി സ്വീകരിച്ചത്. അര നൂറ്റാണ്ടോളമാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ കോച്ചേരി വിവിധ രാജ്യങ്ങളിലെ വത്തിക്കാന്റെ നയതന്ത്രകാര്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചത്.
ചമ്പക്കുളത്തുനിന്നും ചങ്ങനാശേരി പാറേല്‍ ഇടവകയില്‍ താമസമാക്കിയ കോച്ചേരി ഈപ്പച്ചന്-പെണ്ണമ്മ ദമ്പതികളുടെ പതിനാലു മക്കളില്‍ മൂത്തയാളാണ് വര്ക്കിച്ചന് എന്ന മാര്‍ ജോര്‍ജ് കോച്ചേരി. 1945 ഫെബ്രുവരി നാലിന് എടത്വായില്‍ ജനനം.
ചങ്ങനാശേരി സെന്റ് ആന്‍സ്, എസ്ബി സ്കൂളുകളില്‍ പഠിച്ച് പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. ഒപ്പം എസ്ബി കോളജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനവും നടത്തി.
എസ്ബി കോളജില്‍നിന്നു ബിഎ പൂര്‍ത്തിയാക്കി. വടവാതൂര്‍ സെമിനാരിയില്‍ പഠിച്ചശേഷം റോമിലെ പ്രൊപ്പഗാന്ത കോളജില്‍ ഫിലോസഫിയും തിയോളജിയും പൂര്‍ത്തിയാക്കി. 1974 ജൂണ്‍ 26ന് ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി പടിയറയില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. സഹാമെത്രാനായിരുന്ന മാര്‍ ജോസഫ് പവ്വത്തിലിന്റെ ആദ്യസെക്രട്ടറിയായി.
തുടര്‍ന്ന് പൊന്‍കുന്നം തിരുഹൃദയ ദേവാലയത്തില്‍ അസിസ്റ്റന്റ് വികാരിയായി. പിന്നീട് പൊന്തിഫിക്കല്‍ എക്ലേസിയാസ്റ്റിക്കല്‍ അക്കാദമിയില്‍ നയതന്ത്രത്തില്‍ പരിശീലനവും കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളില്‍ ഇദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.
2000 ഓഗസ്റ്റ് 21ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ മാര്‍ ജോസഫ് പവ്വത്തിലിന്റെ കാര്‍മികത്വത്തിൽ മെത്രാഭിഷേകം.

ദക്ഷിണ കൊറിയയിലായിരുന്നു ആദ്യനിയമയം. തുടര്‍ന്ന് കോസ്റ്റാറിക്ക, നൈജീരിയ, വെസ്റ്റിന്‍ഡീസ്, തായ്ലന്ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചു. പിന്നീട് ഘനാ, ടോഗോ നുണ്‍ഷ്യോയായി.
ആര്‍ച്ച് ബിഷപ്പായതിനുശേഷം കാല്‍നൂറ്റാണ്ടുകൂടി വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ചു.
സിംബാബ്വെ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും നുണ്‍ഷ്യോയായിരുന്നു. ഇപ്പോള്‍ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയോടനുബന്ധിച്ചുള്ള വൈദികമന്ദിരത്തില്‍ വിശ്രമജീവിതത്തിലാണ്.
രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
ചങ്ങനാശേരി: ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ ഇന്ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കും. മൂന്നിന് അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വചനന്ദേശം നല്‍കും.

സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ആമുഖപ്രസംഗം നടത്തും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ പ്രഭാഷണം നടത്തും.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് പാടിയത്ത്, മാര്‍ ജോസ് പുളിക്കല്‍, വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.