കേരള തീരത്തെ കപ്പലപകടങ്ങൾ ; മത്സ്യബന്ധന ഉപകരണങ്ങളുടെ നാശം സംബന്ധിച്ചു ലഭിച്ചത് 80 പരാതികള്‍
Friday, August 15, 2025 12:35 AM IST
കൊച്ചി: കേരളതീരത്തുണ്ടായ കപ്പല്‍ അപകടങ്ങളെത്തുടര്‍ന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചതു സംബന്ധിച്ച് കേരള കോസ്റ്റല്‍ പോലീസിനു ലഭിച്ചത് 80 പരാതികള്‍.
കഴിഞ്ഞ മേയ് 25നാണ് തോട്ടപ്പിള്ളി സ്പില്‍വേയില്‍നിന്ന് 14.3 നോട്ടിക്കല്‍ മൈല്‍ അകലെ മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കന്പനിയുടെ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. മുങ്ങിക്കിടക്കുന്ന കപ്പലില്‍നിന്നുള്ള കണ്ടെയ്നറുകളും ചരക്കുകളും വെള്ളത്തില്‍ ഒഴുകിനടക്കുകയുണ്ടായി.
പിന്നീട് ജൂണ്‍ ഒമ്പതിന് ബേപ്പൂരില്‍നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ വാന്‍ഹായ് 503 എന്ന ചരക്കുകപ്പലിന് തീപിടിക്കുകയുണ്ടായി. ഈ കപ്പലില്‍നിന്നു സ്ഫോടകവസ്തുക്കളും വാതകങ്ങളുമടങ്ങിയ 140ലധികം കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചിരുന്നു.
ഇതിന്റെ പ്രത്യാഘാതങ്ങളാണു മത്സ്യത്തൊഴിലാളികളെ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത്. കപ്പലില്‍നിന്ന് ഒഴുകിവന്ന കണ്ടെയ്നര്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളിലും അവശിഷ്ടങ്ങളിലും കുരുങ്ങി ലക്ഷങ്ങള്‍ വിലവരുന്ന വലകള്‍ കീറി നശിക്കുന്നത് പതിവായിരിക്കുകയാണ്. മുനമ്പം മുതല്‍ ആലപ്പുഴ വരെ 12 നോട്ടിക്കല്‍ മൈല്‍ മുതല്‍ തീരക്കടല്‍ വരെ വലയിട്ടാല്‍ വലകള്‍ ഉടക്കിപ്പിടിച്ച് കീറിപ്പറിഞ്ഞുപോകുകയാണെന്നാണു മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
കടലില്‍ ഉടക്കുകള്‍ ഉണ്ടെങ്കില്‍ ജിപിഎസ് സംവിധാനത്തിലൂടെ മുന്‍കൂട്ടി അറിഞ്ഞ് ഈ പ്രദേശങ്ങള്‍ ഒഴിവാക്കിയാണു മത്സ്യബന്ധനം നടത്താറുള്ളത്. എന്നാല്‍ കപ്പല്‍ അപകടത്തിനുശേഷം എവിടെയൊക്കെ കണ്ടെയ്നറുകള്‍ താഴ്ന്നുകിടപ്പുണ്ടെന്നു നിശ്ചയമില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കപ്പല്‍ അപകടം നടന്ന സ്ഥലത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രം വരെയാണു മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കേര്പ്പെടുത്തിയിട്ടുള്ളൂ.