സാന്ദ്രാ തോമസിന്റെ ഉപഹര്‍ജി തള്ളി
Thursday, August 14, 2025 3:50 AM IST
കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസ് സമര്‍പ്പിച്ച ഉപഹര്‍ജി കോടതി തള്ളി.
തെരഞ്ഞെടുപ്പിനു കോടതിയുടെ മേല്‍നോട്ടം വേണം, കേസില്‍ തീര്‍പ്പാകുംവരെ ഫലം പുറത്തുവിടരുത്, വരണാധികാരിയുടെ നിയമനം റദ്ദാക്കണം എന്നീ ആവശ്യങ്ങളാണു സബ് കോടതി തള്ളിയത്.
പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള തന്റെ പത്രിക തള്ളിയതിനെതിരേ സാന്ദ്ര നല്കിയ പ്രധാന ഹര്‍ജിയിലാണ് ഉപഹര്‍ജി നല്‍കിയത്. പ്രധാന ഹര്‍ജിയില്‍ പിന്നീട് വാദം കേള്‍ക്കും. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കു സാന്ദ്ര നല്കിയ പത്രികകള്‍ വരണാധികാരി തള്ളിയിരുന്നു.
നിര്‍മാതാവെന്നനിലയില്‍ രണ്ടു സിനിമകള്‍ മാത്രമാണ് സാന്ദ്രയുടെ പേരിലുള്ളതെന്ന കാരണത്താലാണു പത്രിക തള്ളിയത്. മൂന്നു സിനിമകളെങ്കിലും വേണമെന്നാണ് സംഘടനയുടെ ബൈലോയില്‍ പറയുന്നതെന്നായിരുന്നു വരണാധികാരിയുടെ നിലപാട്.