സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശം: ഹൈക്കോടതി
Friday, August 15, 2025 12:35 AM IST
കൊച്ചി: സഞ്ചാരയോഗ്യമായ റോഡ് ജനങ്ങളുടെ അവകാശമാണെന്നു ഹൈക്കോടതി. കുഴിയില്ലാത്ത റോഡുണ്ടാക്കാനാണ് ഉയര്‍ന്ന ശമ്പളം നല്കി എന്‍ജിനിയര്‍മാരെ നിയമിച്ചിട്ടുള്ളതെന്നും അവര്‍ റോഡിലിറങ്ങി കുഴികള്‍ കണ്ടാലേ വീഴ്ച വരുത്തുന്ന കരാറുകാര്‍ക്കെതിരേ നടപടിയെടുക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡുകളുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്നാവശ്യപ്പെടുന്ന ഹര്‍ജികളിലാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ പരാമര്‍ശം.
മഴയാണു റോഡ് മോശമാകാന്‍ കാരണമെന്ന വിശദീകരണം അംഗീകരിക്കാനാകില്ല. കൊച്ചി കോര്‍പറേഷനിലും ത്യശൂരും റോഡുകളുടെ അറ്റകുറ്റപ്പണി തുടങ്ങിയതായി അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കോടതി വിഷയം പരിഗണിക്കുന്നതു കൊണ്ടായിരുന്നോ ഇതെന്ന് അറിയില്ലെന്നും മഴയത്ത് ടാര്‍ ചെയ്യുന്നതിന്റെ ഗുണനിലവാരം എന്തായിരിക്കുമെന്നു വ്യക്തമല്ലെന്നും അമിക്കസ് ക്യൂറി പറഞ്ഞു.
കൊച്ചിയില്‍ തമ്മനം-പുല്ലേപ്പടി റോഡിലൂടെ വാഹനത്തില്‍ പോയാല്‍ നടുവൊടിയും. കെഎംആര്‍എല്‍ ഓഫീസിനു സമീപം റോഡില്‍ ടൈല്‍സ് ഇളകിക്കിടക്കുന്നത് ഏതു സമയത്തും അപകടത്തിനു കാരണമാകും. നഗരത്തിലെ റോഡുകളിലേറെയും കുഴിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.