കുട്ടനാടിന്റെ പ്രതിസന്ധി: ചിങ്ങം ഒന്നിന് ഐക്യദാര്‍ഢ്യ ധര്‍ണ
Thursday, August 14, 2025 3:50 AM IST
കോട്ടയം: അതിരൂക്ഷമായ വെള്ളപ്പൊക്കവും കാര്‍ഷിക പ്രതിസന്ധിയും ജീവിതം ദുഃസഹമാക്കിയ കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ കുട്ടനാട് ഐക്യദാര്‍ഢ്യ ധര്‍ണ നടത്തും.
കര്‍ഷകദിനമായ ചിങ്ങം ഒന്നിനു മങ്കൊമ്പ് തെക്കേക്കരയിലാണ് ഏകദിന ധര്‍ണ. 17നു രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നടക്കുന്ന ധര്‍ണയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ എല്ലാ സംഘടനകളും പ്രസ്ഥാനങ്ങളും ഇടവകകളും പൊതുസമൂഹവും പങ്കുചേരും.
കുട്ടനാടിന്റെ തനിമ നിലനിര്‍ത്താനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുമുള്ള അടിയന്തര നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍നിന്നും ഉണ്ടാകണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. വിവിധ ശാസ്ത്രീയ പഠനറിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ള പരിഹാര നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും അവ പ്രായോഗികമാക്കപ്പെട്ടിട്ടില്ല.
കുട്ടനാടന്‍ ജനതയുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റം നടന്നിട്ടും നാളിതുവരെ സര്‍ക്കാരുകളുടെ ഭാഗത്തുനിന്നും ശുഭകരമായ നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.
സര്‍ക്കാരുകള്‍ മുഖംതിരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ഏകദിന കുട്ടനാട് ഐക്യദാര്‍ഢ്യ ധര്‍ണ നടത്തുന്നത്. ധര്‍ണയുടെ ഭാഗമായി കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് നിവേദനവും ഭീമഹര്‍ജിയും നല്‍കും.
മേല്‍ത്തരം വിത്തിനം, വളം, പമ്പിംഗ് സബ്സിഡി, കൊയ്ത്ത് മെഷീന്റെ ലഭ്യത, ഇടനിലക്കാരെ ഒഴിവാക്കിയുള്ള നെല്ലിന്റെ ശേഖരണം, പ്രതിഫലം ലഭ്യമാക്കല്‍, നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളും ഉയര്‍ത്തിയാണ് ധര്‍ണ.
വൈദികര്‍, സന്യസ്തര്‍, പാസ്റ്ററല്‍ കൗണ്‍സില്‍, ജാഗ്രതാ സമിതി, എല്ലാ സംഘടനകളുടെയും അതിരൂപതാ, ഫൊറോനാ, യൂണിറ്റ് ഭാരവാഹികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, ഇതരസമുദായ നേതാക്കള്‍, വിവിധ പാടശേഖരങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍, അതിരൂപതാ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രധാന ആവശ്യങ്ങള്‍
►മഴക്കാലത്ത് യന്ത്രവത്കൃത ജലശുദ്ധീകരണ സംവിധാനം ഉപയോഗിച്ചു ജലനിരപ്പ് പരിധിയില്‍ നിര്‍ത്തുക.
►കനാലുകളിലെയും തോടുകളിലെയും എക്കൽ നീക്കംചെയ്യുക.
►പാടശേഖരങ്ങളിലെ ബണ്ട് ശാസ്ത്രീയമായി ബലപ്പെടുത്തുക.
►നെല്‍കൃഷി ഇടനിലക്കാരുടെ ഇടപെടലില്ലാതെ നടത്തുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കുക. കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുക.
►നെല്ല്, തെങ്ങ്, താറാവ്, മത്സ്യ കര്‍ഷകരുടെ നിലനില്പിനുവേണ്ട അടിയന്തര നടപടി സ്വീകരിക്കുക.
►എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കുക.