സ്വാതന്ത്ര്യദിനാഘോഷം: സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തും
Friday, August 15, 2025 12:35 AM IST
തിരുവനന്തപുരം: സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്നു സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ ഒന്പതിനു മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും.
വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് തുടങ്ങിയവരുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും.
തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, കറക്ഷനൽ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും.
ഭാരതീയ വായുസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. ജില്ലകളിൽ നടക്കുന്ന ആഘോഷ പരിപാടികളിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും.