"അമ്മ’ഭരണസമിതി തെരഞ്ഞെടുപ്പ് ഇന്ന്
Friday, August 15, 2025 12:24 AM IST
കൊച്ചി: വിവാദങ്ങള്‍ക്കിടെ, താരസംഘടനയായ "അമ്മ’യുടെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ചോടെ ഫലം പ്രഖ്യാപിക്കും.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും തമ്മിലാണു മത്സരം. വൈസ് പ്രസിഡന്റാകാൻ ജയന് ചേര്‍ത്തല, നാസര്‍ ലത്തീഫ്, ലക്ഷ്മിപ്രിയ, ആശ അരവിന്ദ് എന്നിവരാണു മത്സരരംഗത്തുള്ളത്.
ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്‍സിബയടക്കം 13 പേരാണു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. ബാക്കി 12 പേരും പത്രിക പിന്‍വലിച്ചിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും തമ്മിലാണു മത്സരം. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലുമാണ് ട്രഷറര്‍ സ്ഥാനത്തിനുവേണ്ടി രംഗത്തുള്ളത്. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏഴു ജനറല്‍ സീറ്റിലേക്ക് എട്ടുപേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ചുപേരും മത്സരിക്കുന്നുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്കു പത്രിക നല്‍കിയിരുന്ന ജഗദീഷ്, ജയന് ചേര്‍ത്തല, രവീന്ദ്രന്, അനൂപ് ചന്ദ്രന് എന്നിവര്‍ പിന്മാറിയതോടെയാണു മത്സരം രണ്ടു പേരിലേക്ക് ചുരുങ്ങിയത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്ന ബാബുരാജ് എതിര്‍പ്പുകളെത്തുടര്‍ന്ന് ഒടുവില്‍ പിന്മാറി. ഇതിനുപുറമെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാനിരുന്ന നവ്യ നായരും ആശ അരവിന്ദും പിന്മാറുകയായിരുന്നു.
ആകെ 74 പത്രികകളാണു സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മപരിശോധനയില്‍ പത്തെണ്ണം തള്ളുകയും ചെയ്തിരുന്നു.