ഗൃഹനാഥൻ മരിച്ച നിലയിൽ
Thursday, August 14, 2025 1:36 AM IST
മണര്‍കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവച്ചു പൊട്ടിച്ച ഗൃഹനാഥനെ വീട്ടുവളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മണര്‍കാട് ഐരാറ്റുനട കുഴിപ്പുരയിടം കൈതമറ്റം ഡി. റെജി (60) യെയാണു വീടിനു സമീപത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വയറ്റില്‍ സ്ഫോടക വസ്തു കെട്ടിവച്ചു പൊട്ടിച്ചാണ് ഇയാള്‍ മരിച്ചതെന്നു പോലീസ് പറഞ്ഞു. ചൊവാഴ്ച രാത്രി 12നായിരുന്നു സംഭവം.
മകളുടെ കുട്ടിയുടെ നൂലുകെട്ടിനുശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് റെജി വീടുവിട്ടു പോകുകയായിരുന്നു. കുറച്ചു സമയത്തിനുശേഷം വലിയ സ്ഫോടന ശബ്ദംകേട്ടു നോക്കിയപ്പോഴാണു ഇയാളെ വയര്‍ തകര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോലീസിന്റെ പരിശോധനയിലാണ് വയര്‍ഭാഗത്ത് സ്ഫോടക വസ്തു കെട്ടിവച്ചു പൊട്ടിച്ചതാണെന്നു വ്യക്തമായത്. ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. മക്കള്‍: സുജിത്ത്, സൗമ്യ.