കൈത്തറിക്കും ഇരുട്ടടിയായി യുഎസിന്റെ അധികതീരുവ
Thursday, August 14, 2025 1:36 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് ഭരണകൂടം ചുമത്തിയ അധികതീരുവ കൈത്തറി മേഖലയെയും ബാധിക്കും. നിലവിൽ ഇന്ത്യൻ കൈത്തറിയുടെ ഏറ്റവും വലിയ കന്പോളം അമേരിക്കയാണ്.
ആഗോളതലത്തിൽ കൈത്തറി ഉൾപ്പെടെയുള്ള എല്ലാ ഉത്പന്നങ്ങളും ടെക്സ്റ്റൈൽ എന്ന ലേബലിലാണ് ഉൾപ്പടുത്തിയതെങ്കിലും കൈത്തറിക്ക് കന്പോളത്തിൽ പ്രത്യേക സാധ്യതയും ആവശ്യക്കാരും ഏറെയാണ്.
കഴിഞ്ഞ എട്ടുവർഷമായി ഇന്ത്യൻ കൈത്തറി ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. 2024 സാമ്പത്തിക വർഷത്തിൽ 138.45 ദശലക്ഷം യുഎസ് ഡോളറിന്റെ (1,146 കോടി രൂപയുടെ) കൈത്തറി ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റി അയച്ചിരുന്നത്. പുതുക്കിയ തീരുവയോടെ കയറ്റുമതി കടുത്ത പ്രതിസന്ധിയിലാകും.
കൈത്തറി തുണികൾ, മാറ്റുകൾ, പരവതാനി, കിടക്കവിരികൾ, കുഷ്യൻ കവറുകൾ, കർട്ടൻ ക്ലോത്ത് ഉൾപ്പടെയുള്ളവയാണ് ഇന്ത്യയിൽനിന്നു കൂടുതലായും അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. നേരത്തേ തുണിത്തരങ്ങൾക്ക് ഒന്പതും പരവതാനിക്ക് 2.9 ശതമാനവും നിറ്റഡ്, വൂവൺ തുണിത്തരങ്ങൾക്ക് യഥാക്രമം 13.9, 10.3 എന്നിങ്ങനെയായിരുന്നു ചുങ്കനിരക്ക്. ഇത് 50 ശതമാനമാക്കി ഉയർത്തിയതോടെ ഫലത്തിൽ 64 ശതമാനത്തോളും തീരുവ നൽകേണ്ടിവരും.
അതേസമയം, ടെക്സ്റ്റൈൽ രംഗത്ത് ഇന്ത്യയോടു മത്സരിക്കുന്ന ചൈനയുടെ തീരുവ 30 ശതമാനവും പാക്കിസ്ഥാന്റേത് 17 ശതമാനവുമാണ്. അമേരിക്കൻ കന്പോളത്തിൽ ഈ രാജ്യങ്ങളുമായി മത്സരിക്കേണ്ടി വരുന്പോൾ ഇന്ത്യൻ കൈത്തറിക്കു വിലയുടെ കാര്യത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ് രൂപപ്പെട്ടിരിക്കുന്നത്.
നരസിംഹറാവു സർക്കാരിന്റെ കാലത്ത് വിദേശനാണ്യം പരിമിതമായ സാഹചര്യത്തിൽ ഇതിനെ മറികടക്കാൻ അന്നത്തെ ധനമന്ത്രി മൻമോഹൻ സിംഗ് പ്രഖ്യാപിച്ച രീതിയിലുള്ള പദ്ധതികൾ നടപ്പാക്കണമെന്നാണ് ആവശ്യമുയരുന്നത്. കയറ്റുമതിയിലൂടെ കൂടുതൽ വിദേശനാണ്യം രാജ്യത്തെ ത്തിക്കുക എന്ന ലക്ഷ്യത്തോടെ 1990 മുതൽ 2000 വരെ കൈത്തറി ഉൾപ്പെടെയുള്ള കയറ്റുമതി ഉത്പന്നങ്ങളെ ആദായനികുതിയിൽനിന്ന് ഒഴിവാക്കുകയായിരുന്നു ചെയ്തിരുന്നത്. ഈ പത്തു വർഷത്തിനിടെ രാജ്യത്ത് വിദേശനാണ്യത്തിന്റെ ഗ്രാഫ് കുത്തനെ ഉയരുകയും ആഗോള കന്പോളത്തിൽ ഇന്ത്യൻ കൈത്തറിക്ക് ആധിപത്യം സ്ഥാപിക്കാനും കഴിഞ്ഞിരുന്നു.
അമേരിക്കയെ കൂടാതെ യുഎഇ, സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്, ഓസ്ട്രേലിയ, ജർമനി, ഗ്രീസ് എന്നിവയാണ് ഇന്ത്യൻ കൈത്തറി പ്രധാനമായും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങൾ.
ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും കൂടുതൽ രാജ്യങ്ങളിലേക്ക് കന്പോളം കണ്ടെത്തുകയുമാണ് അമേരിക്കൻ വിപണിയിലെ മാന്ദ്യം പരിഹരിക്കാനുള്ള മാർഗങ്ങളെന്ന് കയറ്റുമതി മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നു.
സർക്കാരുകളുടെ സഹായം അനിവാര്യം
സി. ജയചന്ദ്രൻ (കേരള ടെക്സ്റ്റൈൽ എക്സ്പോർട്ട് ഓർഗനൈസേഷൻ മുഖ്യ രക്ഷാധികാരി)
കൈയിലുള്ള കന്പോളം നഷ്ടപ്പെടാതിരിക്കാനും പ്രതിസന്ധി പരിഹരിക്കാനും 1990 മുതൽ പത്തു വർഷം കൈത്തറി കയറ്റുമതി മേഖലയെ ഇൻകം ടാക്സിൽനിന്ന് ഒഴിവാക്കിയതു പോലുള്ള നയങ്ങൾ പുനഃസ്ഥാപിച്ചാൽ ഗുണകരമാകും. സംസ്ഥാന സർക്കാർ കൈത്തറി മേഖലയിൽ സഹകരണ സംഘങ്ങൾക്കു മാത്രമാണ് ഇപ്പോൾ ആനുകൂല്യങ്ങൾ നൽകിവരുന്നത്. ഈ ആനുകൂല്യങ്ങൾ സ്വകാര്യ കയറ്റുമതിക്കാർക്കും ലഭ്യമാക്കണം.