കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ യോഗം വിസി അവസാന നിമിഷം മാറ്റി
Friday, August 15, 2025 12:35 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സില്‍ യോഗം വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ അവസാന നിമിഷം മാറ്റിവച്ചു.
ഇന്നലെ രാവിലെ 10ന് ആയിരുന്നു യോഗം ചേരാന്‍ നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ രാവിലെ 9.30ന് യോഗം മാറ്റിവച്ചുകൊണ്ടുള്ള രജിസ്ട്രാറുടെ ഇമെയില്‍ സന്ദേശം അംഗങ്ങള്‍ക്കു ലഭിക്കുകയായിരന്നു.
സര്‍വകലാശാലയിലെ പ്രക്ഷുബ്ധമായ അന്തരീക്ഷവും വിഭജനഭീതിദിനം ആചരിക്കാനുള്ള വൈസ് ചാന്‍സലറുടെ നിര്‍ദേശത്തിനെതിരേയുള്ള എസ്എഫ്ഐ വിദ്യാര്‍ഥികളുടെ പ്രതിഷേധവും കണക്കിലെടുത്താണ് യോഗം മാറ്റിവച്ചതെന്നാണ് വിവരം.
എന്നാല്‍ വൈസ് ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധം ശക്തമാണ്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഭൂരിഭാഗം അംഗങ്ങളും സര്‍വകലാശാല ആസ്ഥാനത്ത് എത്തിച്ചേര്‍ന്ന ശേഷമാണ് യോഗം മാറ്റിയത്. ഇതിനെതിരേ ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 110 അംഗങ്ങളുള്ള അക്കാദമിക് കൗണ്‍സിലിലെ നൂറോളം അംഗങ്ങള്‍ ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു.
സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാര്‍ ഇന്നലെ രാവിലെ ഓഫീസില്‍ ഹാജരായിരുന്നു. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. മിനി കാപ്പന് മീറ്റിംഗില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കാനും അനില്‍ കുമാറിനെ പങ്കെടുപ്പിക്കാനുമുള്ള നീക്കങ്ങള്‍ ഇടതുപക്ഷ അംഗങ്ങളുടെ ഭാഗത്തുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.