വോട്ടുതട്ടിപ്പ് രാജ്യദ്രോഹക്കുറ്റം: രമേശ് ചെന്നിത്തല
Thursday, August 14, 2025 1:36 AM IST
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പുറത്തു കൊണ്ടുവന്ന വോട്ടുതട്ടിപ്പ് ഗുരുതരമായ രാജ്യദ്രോഹക്കുറ്റമാണെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യത്തെയും ജനഹിതത്തെയും അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്നതിനുള്ള ഹീനമായ ശ്രമമാണു നടന്നത്.
സത്യസന്ധവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനു ബാധ്യസ്ഥമായ തെരഞ്ഞെടുപ്പു കമ്മീഷന് തന്നെ ഈ അട്ടിമറിക്ക് ആയുധമായിരിക്കുന്നു എന്നത് രാജ്യം നേരിടുന്ന ആപത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് വ്യക്തമാക്കുന്നു.
കേരളത്തില്‍ സമാന വോട്ടുതട്ടിപ്പ് നടക്കുന്നത് അഞ്ചു വര്‍ഷം മുന്‍പ് താന്‍ പുറത്തു കൊണ്ടുവന്നിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് ഗുരുതരമായ വോട്ടുകൊള്ള ശ്രദ്ധയില്‍പ്പെട്ടത്.
അന്നു പുറത്തു കൊണ്ടുവന്ന ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 140 മണ്ഡലങ്ങളിലും യുഡിഎഫ് നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ള വോട്ടുകളുമാണ് കണ്ടെത്തിയത്.
വ്യക്തമായ തെളിവുകളോടെ തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. അന്നു കണ്ടെത്തി തെളിവ് തന്ന 4.34 ലക്ഷം വ്യാജവോട്ട് ഇപ്പോഴും പട്ടികയിലുണ്ടോ എന്ന് കമ്മീഷന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.