കോതമംഗലത്ത് പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സീറോമലബാർ സഭ
Thursday, August 14, 2025 1:37 AM IST
കോട്ടയം: കോതമംഗലത്ത് പെണ്‍കുട്ടി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് സീറോമലബാര്‍ സഭയുടെ നിലപാടെന്നു സഭാ പബ്ലിക് അഫയേഴ്സ് കമ്മീഷന് സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍. കേസ് എന്‍ഐഎ അന്വേഷിക്കണമെന്നു പെണ്‍കുട്ടിയുടെ അമ്മയും കത്തോലിക്കാ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
ഇത്തരം വിഷയങ്ങളെ സഭ നേരത്തെ മുതല്‍ ഗൗരവമായി കാണുന്നതാണ്. പെണ്‍കുട്ടി യാക്കോബായ സുറിയാനി സഭാംഗമായതിനാല്‍ യാക്കോബായ സഭയില്‍നിന്നാണ് ശക്തമായ പ്രതികരണം വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം അന്താരാഷ്ട്ര വിഷയമായതിനാല്‍ സംസ്ഥാന ഏജന്‍സികളേക്കാള്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്നത് കേന്ദ്ര ഏജന്‍സികള്‍ക്കാണ്. പെണ്‍കുട്ടിയെ കൊണ്ടുപോയതും മര്‍ദിച്ചതും തീവ്രവാദ പരിശീലനങ്ങള്‍ക്കു കുപ്രസിദ്ധമായ പാനായിക്കുളത്താണെന്നതാണു തീവ്രവാദ ബന്ധം സംശയിക്കാന്‍ കാരണം.
ഈ സാഹചര്യത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള വകുപ്പുകളില്‍ കേസ് എടുക്കാത്തതു ഐപിസി 366 പോലുള്ള വകുപ്പുകള്‍ സംസ്ഥാനം ചുമത്താത്തതും പ്രതിഷേധാര്‍ഹമാണ്. കൃത്യമായ വകുപ്പുകള്‍ ചുമത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. പ്രണയക്കെണിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബോധവത്കരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡ്: എല്ലാ പാര്‍ട്ടി നേതാക്കളും ഇടപെട്ടു
ഛത്തീസ്ഗഡ് വിഷയവുമായി ബന്ധപ്പെട്ട ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നു. ഏതൊരു വ്യക്തിയെയും പോലെ അദ്ദേഹത്തിനും അഭിപ്രായം പറയാന്‍ സാഹചര്യമുണ്ട്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വിഷയത്തില്‍ ഇടപെട്ടു. ഇടപെട്ട എല്ലാവരോടു നന്ദിയുണ്ടെന്നാണ് ബിഷപ് പറഞ്ഞത്.
പങ്കെടുത്ത വ്യക്തികളോട് നന്ദി പറയേണ്ടത് ഉത്തരവാദിത്വമാണ്. കേന്ദ്രസര്‍ക്കാരില്‍ ഇടപെടാന്‍ സാധിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായതിനാല്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഷോണ്‍ ജോര്‍ജും വിഷയത്തില്‍ ഫലപ്രദമായി ഇടപെട്ടു.
ശക്തമായ ഇടപെടലുകളുണ്ടായപ്പോള്‍ നന്ദി പറയേണ്ട ചുമതല സഭയ്ക്കുണ്ട്. എല്ലാവര്ക്കും പൊതുവായി നന്ദി പറഞ്ഞതിനെ രാഷ്ട്രീയവത്കരിക്കേണ്ടതില്ല. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് സിപിഎം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. സിപിഎം ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ മതേതര നിലപാടുകള്‍ സ്വീകരിക്കണം.
കോശി കമ്മീഷന് റിപ്പോർട്ട്
രണ്ടു വര്‍ഷമായി പൂഴ്ത്തിവച്ചിരിക്കുകയാണ് രണ്ടു വര്‍ഷമായി റിപ്പോര്‍ട്ട് പുറത്തു വിടാനോ ക്രൈസ്തവ സമൂഹം നേരിടുന്ന വിഷയങ്ങള്‍ അഭിമുഖീകരിക്കാനോ തയാറാകുന്നില്ലെന്നതും ഓര്‍മിക്കണം.
സഭാ ആസ്ഥാനത്ത് ആരും വന്നാലും ഇറക്കിവിടുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യാറില്ലെന്നു ബിജെപി നേതാക്കള്‍ കേക്കുമായി എത്തുന്ന വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. സഭ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഫിക്സഡ് വോട്ട് ബാങ്കല്ല.
സഭ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പോകുന്നതായതിനാല്‍ എല്ലാവരും വരുമ്പോള്‍ സ്വീകരിക്കുകയും സത്കരിക്കുകയും ചെയ്യുന്നത് ആതിഥ്യമര്യാദയുടെ ഭാഗമാണ്. ബജ്രംഗ്ദള് പോലുള്ള സംഘടനകളെ വിമര്‍ശിക്കാന്‍ സഭയ്ക്കു ഭയമില്ല. സഭ ബിജെപിയുടെ പക്ഷം നില്ക്കുകയല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ മുന്നില്‍ക്കണ്ടല്ല സഭ മുന്നോട്ടുപോകുന്നത്.
കാസ ക്രൈസ്തവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയെന്നല്ലാതെ എവിടെയും തീവ്രവാദ പ്രവര്‍ത്തനം നടത്തിയില്ല, കാസയെ ന്യായീകരിക്കുന്നില്ല. കാസ സഭയുടെ ഔദ്യോഗിക സംഘടനയല്ല. എല്ലാ സഭകളിലുമുള്ളവര് കാസയിലുണ്ട്.
ലൗ ജിഹാദ് എന്ന വാക്കിന്റെ പേരില്‍ വിവാദം ഉയര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കിലും പ്രണയക്കെണികളും ചതി പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റം, ലഹരി ഉപയോഗിച്ചുള്ള പീഡനം ഇതിനൊക്കെ തീവ്രവാദ പരമായ സഹായങ്ങളും ശ്രമങ്ങളും നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.