ഐഎച്ച്ആർഡിയിൽ പെൻഷൻ പ്രായം 60
Thursday, August 14, 2025 3:50 AM IST
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഐഎച്ച്ആർഡിയിലെ പെൻഷൻ പ്രായം 58ൽനിന്ന് 60 വയസാക്കി ഉയർത്തുന്നതിനുള്ള ശിപാർശ ഒടുവിൽ മന്ത്രിസഭായോഗം അംഗീകരിച്ചു.
സിപിഎം സംഘടനയിലെ ചില നേതാക്കളുടെ പെൻഷൻ പ്രായം ഉയർത്തുന്നതിനായി കഴിഞ്ഞ നിലന്പൂർ ഉപതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പാണ് പെൻഷൻ പ്രായം ഉയർത്താനുള്ള അജൻഡ അന്നത്തെ മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി കൊണ്ടുവന്നത്.
എന്നാൽ, മലപ്പുറം ജില്ലയിൽ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കേ ഐഎച്ച്ആർഡിയിലെ പെൻഷൻ പ്രായം ഉയർത്താനുള്ള നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചില്ല. തുടർന്ന് ഇതു മാറ്റിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി അന്തരിച്ച വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ അടക്കമുള്ളവർക്ക് പെൻഷൻ പ്രായം ഉയർത്തുന്നതിന്റെ ആനുകൂല്യം ലഭിക്കും.