ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധം: ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഒന്‍പത് പ്രതികളും കുറ്റക്കാർ
Sunday, January 5, 2025 2:01 AM IST
തലശേരി: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന റിജിത്തിനെ (26) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരാണെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി റൂബി കെ. ജോസ് ആണ് പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ ഏഴിന് വിധിക്കും. 20 വർഷത്തിനു ശേഷമാണ് കേസിൽ വിധിപ്രഖ്യാപനം.
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ 10 പേർക്കെതിരേയായിരുന്നു കേസ്. ഇതിൽ മൂന്നാം പ്രതി അജീഷ് വിചാരണയ്ക്കിടെ മരിച്ചു. കണ്ണപുരം ചൂണ്ടയിലെ വി.വി. സുധാകരൻ, ജയേഷ്, രഞ്ജിത്, അജീന്ദ്രൻ, അനിൽകുമാർ, രാജേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, ഭാസ്കരൻ എന്നീ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് കുറ്റക്കാർ. സമീപത്തെ ക്ഷേത്രത്തിൽ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒന്‍പതിന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന റിജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയും ഡിവൈഎഫ്ഐ പ്രവർത്തകരായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ. വിമൽ എന്നിവരെ പരിക്കേല്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രതികളിൽ ഒരാൾ ഒറ്റക്കുത്തിനാണ് റിജിത്തിനെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിൽ മറ്റു പ്രതികൾക്ക് നേരിട്ട് പങ്കില്ലെങ്കിലും സംഭവസമയത്ത് കൊലപാതകിയെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്ന കാരണത്താലാണ് മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
ഇത്തരം കേസുകളിൽ മുഴുവൻ പേരെയും കുറ്റക്കാരെന്ന് വിധിക്കുന്നത് അപൂർവ സംഭവമാണ്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ ഹാജരായി.