മാനുഷിക പരിഗണനയോടെ റിപ്പോർട്ട് നൽകും
Sunday, January 5, 2025 2:01 AM IST
മുനമ്പം: മുനമ്പം നിവാസികളുടെ ദുരവസ്ഥ ബോധ്യപ്പെട്ടെന്നും മാനുഷിക പരിഗണനകളോടെയാകും റിപ്പോർട്ട് നൽകുകയെന്നും ജുഡീഷൽ കമ്മീഷൻ സി.എൻ. രാമചന്ദ്രൻനായർ.
ഒരു കോടതിയും ഈ ഭൂമി വഖഫിന്റേതാണെന്നു പറഞ്ഞിട്ടില്ല. അതുകൊണ്ട് തർക്കം കോടതിയിലെത്തി ദീർഘമായി നീണ്ടു പോകാതിരിക്കാനാണ് സർക്കാർ കമ്മീഷനെ നിയോഗിച്ചത്.
പൊതുവേ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിതെന്ന് സന്ദർശനത്തിൽ മനസിലാക്കാൻ കഴിഞ്ഞു. വീടുകൾ ഏറെയും കാലപ്പഴക്കമുള്ളതാണ്. പൊതുവായുള്ള പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരമാർഗം കണ്ടെത്താനാണ് സർക്കാർ നിർദേശം.
പ്രശ്നബാധിതരുടെ ഭൂമിയിലെ റവന്യു അവകാശങ്ങൾ തടഞ്ഞിരിക്കുന്നത് താത്കാലികമാണ്.കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുകയും കോടതിയിലെ കേസുകൾ തീരുകയും ചെയ്യുന്ന മുറയ്ക്ക് ആധാരമുള്ള ഭൂമിയിലെ പോക്കുവരവു നടത്തലും കരം സ്വീകരിക്കലും പുനരാരംഭിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും കമ്മീഷൻ വ്യക്തമാക്കി.