നിയമസഭാ സമ്മേളനം മാർച്ച് 28 വരെ നീളും
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സമ്മേളന കലണ്ടറിന് അംഗീകാരമായി. ജനുവരി 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുന്ന നിയമസഭാ സമ്മേളനം സന്പൂർണ ബജറ്റ് പാസാക്കി മാർച്ച് 28നു പിരിയും.
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി നാല് ഇടവേളകൾ നിയമസഭാ സമ്മേളന കാലയളവിലുണ്ട്. 17നു തുടങ്ങുന്ന സമ്മേളനം 23നു താത്കാലികമായി നിർത്തിവയ്ക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരണത്തോടെ സമ്മേളനം പുനരാരംഭിക്കും.
2025-26 സാന്പത്തികവർഷത്തെ ബജറ്റ് ഏഴിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഫെബ്രുവരി 13 വരെ സഭ സമ്മേളിക്കും. മാർച്ച് ഏഴ് മുതൽ 12 വരെ സഭ ചേരും. 13 മുതൽ 16 വരെ സഭ സമ്മേളിക്കില്ല. തുടർന്ന് 17 മുതൽ 28 ബജറ്റ് ചർച്ച നടക്കും. ധനബില്ലും ധനവിനിയോഗ ബില്ലും പാസാക്കി മാർച്ച് 28നു സമാപിക്കും
മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശന്പളം വർധിപ്പിക്കുന്നതിനുള്ള ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ വന്നേക്കും. 50 മുതൽ 100 ശതമാനം വരെ ശന്പളത്തിൽ വർധന വരുമെന്നാണു കണക്കാക്കുന്നത്.
കഴിഞ്ഞ സഭാ സമ്മേളനത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം വർധിപ്പിക്കാനുള്ള ബിൽ പരിഗണനയ്ക്കു വന്നെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിമർശനത്തിന് ഇടയാക്കുമെന്നതിനാലാണ് പാസാക്കാതിരുന്നത്.
2018ലാണ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഒടുവിൽ കൂട്ടിയത്. മന്ത്രിമാരുടെ ശന്പളം 55,012 രൂപയിൽ നിന്ന് 97,429 രൂപയായും എംഎൽഎമാരുടെ ശന്പളവും അലവൻസും 39,500 രൂപയിൽ നിന്ന് 70,000 രൂപയായും ഉയർത്തി.