നൃത്ത പരിപാടിക്ക് സ്റ്റേഡിയം നല്‍കിയതില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി
Sunday, January 5, 2025 2:01 AM IST
കൊച്ചി: ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിക്കായി സ്റ്റേഡിയം നല്‍കിയതില്‍ അഴിമതിയെന്ന് വിജിലന്‍സില്‍ പരാതി.
പരിപാടി നടന്ന കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) ചെയര്മാന് കെ. ചന്ദ്രന് പിള്ള ഉൾപ്പെടെയുള്ളവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ വൈറ്റില സ്വദേശി ചെഷയര്‍ ടാര്‍സനാണ് എറണാകുളം റേഞ്ച് വിജിലന്‍സ് എസ്പി എസ്. ശശിധരന് പരാതി നല്‍കിയത്.
സ്റ്റേഡിയം നല്‍കാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടും ചന്ദ്രന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് അനുമതി നല്‍കിയതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പരാതിയിലെ ആരോപണം. ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യമിട്ട് പരിപാടി നടത്താന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 23നാണ് മൃദംഗവിഷന് എംഡി നിഗോഷ് കുമാര്‍ അപേക്ഷ നല്‍കിയത്.
എന്നാല്‍ ഐഎസ്എല്‍ ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്നതിനാല്‍ 2025 ഏപ്രില്‍ 25വരെ കേരള ബ്ലാസ്റ്റേഴ്സിനു സ്റ്റേഡിയം നല്കിയിരിക്കുന്നതിനാല് മൃദംഗവിഷന് സംഘടിപ്പിക്കുന്ന നൃത്തപരിപാടിക്ക് സ്റ്റേഡിയം നല്‍കാനാകില്ലെന്നു കാട്ടി ജിസിഡിഎ എസ്റ്റേറ്റ് സൂപ്രണ്ട് കെ.എ. സിനി കുറിപ്പ് നല്കി.
സ്റ്റേഡിയം ഫിഫ മാനദണ്ഡങ്ങള്‍ പാലിച്ച് സജ്ജീകരിച്ചിട്ടുള്ളതാണ്. ബൈലോ പ്രകാരവും സര്‍ക്കാര്‍ നിയമപ്രകാരവും സ്റ്റേഡിയം ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് മാത്രമാണ് അനുവദിക്കാന്‍ കഴിയുക എന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇവിടെനിന്ന് കാര്യങ്ങള്‍ പെട്ടെന്ന് മാറിയെന്നു വിജിലന്‍സിനു നല്കിയ പരാതിയില്‍ പറയുന്നു. അനുമതി നിഷേധിച്ചുകൊണ്ട് എസ്റ്റേറ്റ് സൂപ്രണ്ട് നല്കിയ ഫയലില്‍ ഒക്ടോബര്‍ 15ന് എസ്റ്റേറ്റ് ഓഫിസര്‍ അനുകൂലമായ കുറിപ്പെഴുതി ഒപ്പുവച്ചു.
അതേദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സില്‍നിന്ന് എന്‍ഒസി ലഭിക്കാന്‍ അപേക്ഷിക്കാമെന്നും ഇതു കിട്ടുന്ന മുറയ്ക്ക് സ്റ്റേഡിയം അനുവദിക്കാമെന്നും ജിസിഡിഎ സെക്രട്ടറിയും കുറിപ്പ് എഴുതി.
ഒന്‍പതുലക്ഷം രൂപ വാടകയും അഞ്ചുലക്ഷം രൂപ ഡിപ്പോസിറ്റും സ്വീകരിച്ച് ഫുട്ബോള്‍ മത്സരം നടക്കുന്ന സ്ഥലം ഒഴിവാക്കി പരിപാടി നടത്താന്‍ സ്റ്റേഡിയം അനുവദിക്കാമെന്ന് ചന്ദ്രന്‍പിള്ള കുറിപ്പ് എഴുതി.
അതേദിവസം മൃദംഗവിഷനില്‍ നിന്ന് ജിഎസ്ടി ഉള്‍പ്പെടെ 15,62,000 രൂപ ജിസിഡിഎയുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തു.ഒറ്റ ദിവസം കൊണ്ടാണ് ഈ തീരുമാനങ്ങളെല്ലാം എടുത്തതെന്നും ഇതില്‍ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.