ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് യൂത്ത് കോണ്‍ഗ്രസിന്റെ പ്രകടനം
Sunday, January 5, 2025 2:01 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എ അപകടത്തിൽപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജിസിഡിഎയുടെ എക്സിക്യൂട്ടീവ് യോഗത്തിലേക്ക് ഇരച്ചു കയറി.
ജില്ലാ പ്രസിഡന്റ് സിജോ ജോസഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് അതിക്രമിച്ചു കയറുകയും മുദ്രാവാക്യം മുഴക്കി യോഗനടപടികള്‍ തടസപ്പെടുത്തുകയും ചെയ്തു.പോലീസ് എത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജിസിഡിഎ ചെയര്മാന് രാജിവയ്ക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജിസിഡിഎ പോലീസില്‍ പരാതി നല്കി.
മുന്നറിയിപ്പില്ലാതെയെത്തിയ പ്രതിഷേധക്കാര്‍ യോഗത്തിലേക്ക് അതിക്രമിച്ചു കയറി ചെയര്മാന് അടക്കമുള്ള അംഗങ്ങളെ അസഭ്യം പറയുകയും മേശയ്ക്ക് മുകളില്‍ കയറി കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തുവെന്നാണ് കടവന്ത്ര പോലീസില്‍ നല്കിയ പരാതി.