ആഗോളതലത്തില്‍ റബര്‍ ഉത്പാദനം കുറഞ്ഞു
Sunday, January 5, 2025 2:01 AM IST
ജോമി കുര്യാക്കോസ്
കോട്ടയം: ടാപ്പിംഗില്നിന്നു കര്‍ഷകര്‍ വിട്ടുനിന്നാല്‍ വരുംമാസങ്ങളില്‍ ആഭ്യന്തരവിപണിയില്‍ ക്ഷാമം നേരിടുമെന്നും ഇത് ഇറക്കുമതിക്കും വിലയിടിവിനും ഇടയാക്കുമെന്നും റബര്‍ ബോര്‍ഡിന്റെ മുന്നറിപ്പ്.
റബര്‍ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘വിലയില്ലെങ്കില്‍ റബറില്ല’ എന്ന കര്‍ഷകസമരത്തിന്റെ രണ്ടാംഘട്ടമായി വേനല്‍ക്കാല ടാപ്പിംഗ് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ആഭ്യന്തരവിപണിയില്‍ ക്ഷാമം നേരിട്ടാല്‍ ഇറക്കുമതിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി റബര്‍ ബോര്‍ഡ് രംഗത്തെത്തിത്.
കൃത്യമായ ടാപ്പിംഗ് നടത്തേണ്ട സമയമാണിപ്പോഴെന്നും വരുംമാസങ്ങളില്‍ ആഭ്യന്തരവിപണിയില്‍ റബറിനു ക്ഷാമം നേരിട്ടാല്‍ അത് ഇറക്കുമതിക്കും തുടര്‍ന്നു വിലയിടിവിനും ഇടയാക്കുമെന്നും റബര്‍ ബോര്‍ഡ് വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യത്തില്‍ കൃത്യമായ ടാപ്പിംഗ് നടത്തി പരമാവധി വിളവ് നേടുന്നതിലൂടെ അനുകൂലമായ വിപണി സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ബോര്‍ഡ് പറയുന്നു.
അതേസമയം, റബര്‍ ബോര്‍ഡിന്റെ നിർദേശം റബര്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ആഗോളതലത്തില്‍ ഉത്പാദനം കുറഞ്ഞിരിക്കുകയാണെന്നും രാജ്യത്ത് വിലവര്‍ധന നടപ്പാക്കണമെന്നും കര്‍ഷകര്‍ പറയുന്നു. പ്രകൃതിദത്ത റബറുത്പാദകരാജ്യങ്ങളുടെ സംഘടനയായ എഎന്‍ആര്‍പിസിയുടെ കണക്കനുസരിച്ച് പ്രധാന റബറുത്പാദകരാജ്യങ്ങളില് ഉത്പാദനം കുറയുകയാണ്.
തായ്ലന്ഡിലെ റബറുത്പാദനം 2019ല്‍ 4849,000 മെട്രിക് ടണ്‍ ആയിരുന്നത് 2024ല്‍ 4686,000 മെട്രിക് ടണ്ണായി കുറഞ്ഞു. ഇന്തോനേഷ്യയില്‍ 3301,000 മെട്രിക് ടണ്ണില്‍നിന്ന് 2516,000 മെട്രിക് ടണ്ണായും മലേഷ്യയിലെ ഉത്പാദനം 640,000 മെട്രിക് ടണ്ണില്‍നിന്ന് 340,000 മെട്രിക് ടണ്ണായും കുറഞ്ഞു.
പ്രകൃതിദത്ത റബറിന്റെ ഉത്പാദനത്തിലെ ഇടിവ് ആഗോള വിതരണശൃംഖലയെ കൂടുതല്‍ ബാധിക്കുകയും വരുംവര്‍ഷങ്ങളില്‍ വില വര്‍ധിക്കാന്‍ ഇടയാക്കുകയും ചെയ്യും. കഴിഞ്ഞ മൂന്നു വര്‍ഷമായി വില വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ നവംബര്‍ മാസത്തെ കോട്ടയം വിപണിയിലെ ശരാശരി വില യഥാക്രമം 140.39, 153.52, 184.85 രൂപയായിരുന്നു. ബാങ്കോക്ക് വിപണിയില്‍ യഥാക്രമം 127.25, 141.93, 196.16 രൂപയുമായിരുന്നു വില.
ഉത്പാദനം വര്‍ധിപ്പിക്കണമെന്ന റബര്‍ ബോര്‍ഡിന്റെ നിലപാട് ടയര്‍ ലോബിക്ക് കൊള്ളയടിക്കു മാത്രമാണെന്നും ന്യായവില ലഭ്യമാകുമ്പോള്‍ മാത്രം പരമാവധി ഉത്പാദനത്തിനു തയാറാകണമെന്നുമാണ് റബര്‍ ഉത്പാദക സംഘങ്ങളുടെ ആവശ്യം. 250 രൂപയെങ്കിലും അടിസ്ഥാന വില ലഭിക്കണമെന്നാണ് റബര്‍ ഉത്പാദകസംഘങ്ങള്‍ ആവശ്യപ്പെടുന്നത്.