ആചാരാനുഷ്ഠാന മാറ്റങ്ങൾ: പൊതുചർച്ചയ്ക്കു പ്രസക്തിയില്ലെന്ന് വി.ഡി. സതീശൻ
Sunday, January 5, 2025 2:01 AM IST
പത്തനംതിട്ട: കാലാനുസൃതമായ മാറ്റങ്ങള്‍ അചാരാനുഷ്ഠാനങ്ങളില്‍ വരുത്തണമോയെന്നത് അതാത് സമുദായങ്ങൾ തീരുമാനിക്കേണ്ട വിഷയമാണെന്നും ഇക്കാര്യത്തിൽ പൊതുചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
പൊതുചര്‍ച്ച നടത്താന്‍ പറ്റിയ അന്തരീക്ഷമല്ല നമ്മുടെ നാട്ടില്‍. കാവി ഉടുക്കുന്നവനും ചന്ദനം തൊടുന്നവനും ആര്‍എസ്എസ് ആണെന്നു പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അതുപോലെയാണ് സനാതന മൂല്യത്തെക്കുറിച്ചും പറയുന്നത്. സനാതന മൂല്യം കൂടി സംഘപരിവാറിന് കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമം അശ്ലീലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അജ്ഞതയും സാംസ്കാരിക പൈതൃകത്തെ സംഘപരിവാറിന്റെ പറമ്പില്‍ കൊണ്ടുപോയി കെട്ടാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണെന്ന് സതീശൻ കുറ്റപ്പെടുത്തി.