ചൈനയിലെ പുതിയ രോഗവ്യാപനം: സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി
Sunday, January 5, 2025 2:01 AM IST
തിരുവനന്തപുരം: ചൈനയിൽ വൈറൽ പനിയും ന്യുമോണിയയും പടരുന്നുവെന്ന വാർത്തകൾ വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനം സസൂക്ഷ്മം സ്ഥിതിഗതികൾ വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മഹാമാരിയാകാൻ സാധ്യത കൽപ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തിൽ പടർന്നുപിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയിൽ ഈ അവസരത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല.
എങ്കിലും മലയാളികൾ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട് എന്നതിനാലും, ചൈനയുൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രവാസികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നതിനാലും നാം ജാഗ്രത പുലർത്തണം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള വൈറസുകളാകാം ചൈനയിൽ ഭീതി പടർത്തുന്ന രീതിയിൽ ശ്വാസകോശ അണുബാധകൾ ഉണ്ടെങ്കിൽ അവയ്ക്ക് കാരണം.
ഹ്യൂമൻ മെറ്റാന്യുമോ വൈറസ് (HMPV), കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ളുവൻസ എ വൈറസ്ബാധകൾ എന്നിവയാണ് അവ. മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ ഇവയിൽ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോർട്ടുകളില്ല. എങ്കിലും കരുതിയിരിക്കണം.
ഹ്യൂമൻ മെറ്റാന്യുമോണിയ വൈറസ് ഉൾപ്പെടെയുള്ള അണുബാധകൾ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അവരും മറ്റു ഗുരുതരമായ രോഗങ്ങൾ ഉള്ളവർ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകൾ തുടങ്ങിയവരും കൂടുതൽ ജാഗ്രത പുലർത്തണം. രോഗങ്ങൾ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്കൂളിൽ വിടരുത്.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ ഉള്ളവർ തീർച്ചയായും മാസ്കുകൾ ഉപയോഗിക്കണം. നിലവിൽ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ല. ചൈനയിലെ അവസ്ഥ നാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.