കൊച്ചിയിൽ ആറു വിമാനങ്ങൾക്കു ഭീഷണി
Friday, October 25, 2024 2:21 AM IST
നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നുള്ള ആറു വിമാനങ്ങൾക്ക് ഇന്നലെ വ്യാജ ബോംബ് ഭീഷണി ഉയർന്നു.
രണ്ട് രാജ്യാന്തര സർവീസുകൾക്കും നാല് ആഭ്യന്തര സർവീസുകൾക്കുമാണ് ട്വിറ്ററിലൂടെ ഭീഷണി ഉയർന്നത്. നെടുമ്പാശേരിയിൽനിന്നു പറന്നുയർന്നശേഷമാണ് ഭീഷണിസന്ദേശം ലഭിച്ചത്.
ഉച്ചയ്ക്ക് ഒന്നിനാണ് എയർ ഇന്ത്യയുടെ ലണ്ടൻ വിമാനം, വിസ്താരയുടെ കൊച്ചി - മുംബൈ വിമാനം എന്നിവയ്ക്ക് ആദ്യ ഭീഷണി സന്ദേശം ലഭിച്ചത്.
എയർ ഇന്ത്യ വിമാനം ഉച്ചയ്ക്ക് 12.30 നും വിസ്താര വിമാനം 11.59 നും നെടുമ്പാശേരിയിൽനിന്ന് യാത്രയായിരുന്നു. തുടർന്ന് 1.19 ന് ഇൻഡിഗോയുടെ ഹൈദരാബാദ്, ബംഗളൂരു വിമാനങ്ങൾക്കു ബോംബ് ഭീഷണിസന്ദേശം ലഭിക്കുകയായിരുന്നു.
ആകാശ എയറിന്റെ മുംബൈ വിമാനം 11.58 ന് പറന്നുയർന്നശേഷം 2.16 നാണ് ഭീഷണിസന്ദേശം ലഭിച്ചത്. ഇതിനുശേഷം 12.34 ന് ദുബായിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന് 2.23 നും ഭീഷണിസന്ദേശം എത്തി.