കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റിക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി
Thursday, October 24, 2024 2:09 AM IST
കൊച്ചി: ദിവസവേതനത്തിന് കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന എംപാനല്‍ ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരെന്നു ഹൈക്കോടതി.
ഓരോ അപേക്ഷകന്റെയും സര്‍വീസ് കാലയളവടക്കം പ്രത്യേകം പരിശോധിച്ചു ഗ്രാറ്റുവിറ്റി അര്‍ഹത കണ്ടെത്താന്‍ ബന്ധപ്പെട്ട അഥോറിറ്റിക്കു നിര്‍ദേശം നല്കുന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവച്ചാണു ജസ്റ്റീസുമാരായ അമിത് റാവല്‍, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
പിരിച്ചുവിടപ്പെട്ട എം-പാനൽ ജീവനക്കാര്‍ക്ക് ഗ്രാറ്റുവിറ്റി അനുവദിക്കാന്‍ നേരത്തേ ബന്ധപ്പെട്ട അഥോറിറ്റി അനുമതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം തുടര്‍ച്ചയായി സര്‍വീസുള്ള കെഎസ്ആര്‍ടിസിയിലെ താത്കാലിക ജീവനക്കാര്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹരാണെന്ന സര്‍ക്കാര്‍ ഉത്തരവടക്കം കണക്കിലെടുത്തായിരുന്നു ഇത്. എന്നാല്‍, അഥോറിറ്റിയുടെയും സര്‍ക്കാരിന്റെയും ഉത്തരവ് ചോദ്യം ചെയ്താണു കെഎസ്ആര്‍ടിസി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.
സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച കോടതി അഥോറിറ്റിയുടെ തീരുമാനം റദ്ദാക്കി വ്യക്തിപരമായ പുനഃപരിശോധനയ്ക്കു നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണു നടപടി ചോദ്യംചെയ്ത് കെഎസ്ആര്‍ടിസി അപ്പീലുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.