ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്‍ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റില്‍
Friday, October 25, 2024 1:10 AM IST
കാസര്‍ഗോഡ്: ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതിയും മുന്‍ ഡിവൈഎഫ്ഐ നേതാവുമായ അധ്യാപിക അറസ്റ്റില്‍.
എന്മകജെ ഷേണി ബളത്തുകല്ല് സ്വദേശിനിയും ബാഡൂര്‍ എഎല്‍പി സ്കൂള്‍ അധ്യാപികയുമായ സചിത റൈ (27) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം വിദ്യാനഗറില്‍ വച്ചാണ് സചിത വിദ്യാനഗര്‍ പോലീസിന്റെ പിടിയിലായത്.
അഭിഭാഷകനെ കണ്ട് കോടതി മുമ്പാകെ ഹാജരാകാനെത്തുമ്പോള്‍ വഴിയില്‍വച്ചാണ് സചിതയെ പിടികൂടിയത്. ഇവരെ പിന്നീട് കുമ്പള പോലീസിനു കൈമാറി. ആഴ്ചകളായി സചിത ഒളിവില്‍ കഴിയുകയായിരുന്നു. ഇവര്‍ക്കെതിരേ കുമ്പള, ബദിയടുക്ക, മഞ്ചേശ്വരം, കാസര്‍ഗോഡ്, ആദൂര്‍, മേല്‍പറമ്പ്, കര്‍ണാടകയിലെ ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിപിസിആര്‍ഐ, കേന്ദ്രീയ വിദ്യാലയം, എസ്ബിഐ, കര്‍ണാടക എക്സൈസ്, വനം വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണു പണം തട്ടിയതെന്നാണ് പരാതി. സചിതയുടെ കേരള ഗ്രാമീണ്‍ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കും കാനറ ബാങ്കിന്റെ പെര്‍ള ശാഖയിലെ അക്കൗണ്ടിലേക്കുമാണ് ഇവര്‍ പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നാണു പരാതിക്കാര്‍ പറയുന്നത്.
ബാങ്കുകള്‍ വഴി അഞ്ച് കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നാണ് പോലീസ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. കര്‍ണാടക ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂട്ടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുണ്ടാര്‍ എന്നയാള്‍ വഴിയാണ് സചിത പണം തട്ടിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിനു കുമ്പള കിദൂര്‍ സ്വദേശിനി നിഷ്മിത ഷെട്ടിയാണ് സചിതയ്ക്കെതിരേ ആദ്യമായി പരാതി നല്‍കിയത്.