ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണം; രണ്ടു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കോടതി
Friday, October 25, 2024 1:10 AM IST
കൊച്ചി: ക്ഷേത്രങ്ങളിലെ വീഡിയോ ചിത്രീകരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ രണ്ടു മാസത്തിനകം ദേവസ്വം ബോര്‍ഡ് തീരുമാനമെടുക്കണമെന്നു ഹൈക്കോടതി.
ക്ഷേത്ര പരിശുദ്ധിയും ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും വിലയിരുത്തിയാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലെയും തേക്കിന്‍കാട് മൈതാനത്തെയും വീഡിയോ ചിത്രീകരണത്തിനും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുമെതിരേ തൃശൂര്‍ സ്വദേശി നല്കിയ ഹര്‍ജിയിലെ ഓംബുഡ്സ്മാന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ട്രസ്റ്റിയോ ചുമതലപ്പെട്ട മാറ്റാരെങ്കിലുമോ ചട്ടപ്രകാരം ബാധ്യസ്ഥരാണെന്നു കോടതി ചൂണ്ടിക്കാട്ടി.