കണ്ണൂർ ആർടിഒയുടെ ഉത്തരവ് കേന്ദ്രനിയമത്തിനെതിര്
Friday, October 25, 2024 1:10 AM IST
റെനീഷ് മാത്യു
കണ്ണൂർ: കേരളത്തിൽ സ്ഥിരം താമസക്കാരായ ഇതരസംസ്ഥാനത്തെ ലൈസൻസുള്ളവർ മേൽവിലാസ മാറ്റത്തിന് അപേക്ഷിക്കുന്പോൾ റോഡ് ടെസ്റ്റ് നടത്തണമെന്നുള്ള കണ്ണൂർ ആർടിഒയുടെ ഉത്തരവ് വിവാദത്തിൽ. കേന്ദ്ര മോട്ടോർ വാഹന നിയമത്തിനെതിരാണ് ഉത്തരവെന്നാണു നിയമവിദഗ്ധർ പറയുന്നത്.
കേരളത്തിലെ സ്ഥിരതാമസക്കാർ ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ച് വേണ്ട പരിശീലനം ലഭിക്കാതെ നേടുന്ന ലൈസൻസ് ഉപയോഗിച്ച് വാഹനങ്ങൾ കേരളത്തിൽ ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നതിനാലാണു കണ്ണൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഉത്തരവിറക്കിയെന്നു പറയുന്നു. ഇതരസംസ്ഥാനത്തുനിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് മേൽവിലാസ മാറ്റത്തിന് അപേക്ഷിക്കുന്പോൾ റോഡ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എടുത്ത ലൈസൻസ് കാലാവധിയെത്തുന്നത് മുന്പേ പുതുക്കാൻ നിലവിൽ കേരളത്തിൽ റോഡ് ടെസ്റ്റ് ആവശ്യമില്ലായിരുന്നു. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം റോഡ് ടെസ്റ്റ് ആവശ്യമായേക്കും. എന്നാൽ, കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം രാജ്യത്തെ ഏതു സംസ്ഥാനത്തുനിന്നും പൗരന്മാർക്ക് ലൈസൻസ് നേടാം.
ലൈസൻസ് അനുവദിക്കുന്നതിനു രാജ്യത്താകമാനം ഒരേ നിയമമാണ്. കൂടാതെ, മറ്റു സംസ്ഥാനങ്ങളിൽ ലൈസൻസ് കൊടുക്കുന്നത് ശരിയായ രീതിയിൽ അല്ലെന്ന് ഉത്തരവിൽ പറയുന്നതും നിയമപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഉത്തരവിനെതിരേ സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർക്കു പരാതി നല്കിയിട്ടുണ്ട്.