ലിജിമോനച്ചന് എത്തി, ആനന്ദനിര്‍വൃതിയില്‍ വല്യമ്മ ശോശാമ്മ
Friday, October 25, 2024 1:10 AM IST
ചങ്ങനാശേരി: കുട്ടിക്കാലംമുതല്‍ വളര്‍ത്തിയ കൊച്ചുമകന് ലിജിമോനച്ചന് കര്‍ദിനാള്‍ പദവി ലഭിച്ചശേഷം വീട്ടിലെത്തിയത് വല്യമ്മ ശോശാമ്മ ആന്റണിക്ക് ആനന്ദനിര്‍വൃതിയായി.
കൊച്ചുമകനെ ചേര്‍ത്തുനിര്‍ത്തി ഉമ്മവച്ച് കൈമുത്തി വല്യമ്മ ആശ്ലേഷിച്ചു. ലിജിമോനച്ചന്റെ കര്‍ദിനാള്‍ പദവിയില്‍ സന്തോഷമുണ്ടെന്ന് ശോശാമ്മ പറഞ്ഞു. ഫ്രാന്‍സിസ് പാപ്പാ തന്നെ വിളിച്ച അസുലഭമുഹൂര്‍ത്തം 96കാരിയായ ശോശാമ്മ ഓര്‍മിച്ചെടുത്ത് ലിജിമോനോട് പങ്കുവച്ചത് ഹൃദ്യമായി.
എസ്ബി കോളജില്‍ ബിഎസ്സി പഠനം പൂര്‍ത്തിയാകുന്നതുവരെ ശോശാമ്മയോടൊപ്പമാണ് നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് കൂവക്കാട്ട് വളര്‍ന്നത്. അദ്ദേഹത്തെ കാണാനായി അമ്മ ലീലാമ്മയുടെ സഹോദരങ്ങളും ബന്ധക്കളുമെത്തിയതോടെ വടക്കേക്കര റെയില്‍വേ ക്രോസിനടുത്തുള്ള കല്ലുകളം വീട് ആഹ്ലാദത്തിന്റെ വേദിയായി.
വല്യമ്മയോടൊപ്പം അരമണിക്കൂര്‍ സമയം പങ്കുവച്ചശേഷമാണ് നിയുക്ത കര്‍ദിനാള്‍ മടങ്ങിയത്.