കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
Wednesday, October 23, 2024 2:16 AM IST
പാലക്കാട്: കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിനുസമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. ഇന്നലെ രാത്രി 10.50നാണ് സംഭവം.
കാറിലുണ്ടായിരുന്ന അഞ്ചുപേരിൽ നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ചശേഷമാണ് മരിച്ചത്.
മരിച്ചവരെല്ലാം മധ്യവയസ്കരും പുരുഷന്മാരുമാണെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മണ്ണാന്തറ സ്വദേശികളായി വിജേഷ്, വിഷ്ണു, വീണ്ടപ്പാറ സ്വദേശി രമേഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
കനത്ത മഴയുണ്ടായിരുന്ന സമയത്താണ് അപകടം. മണ്ണാർക്കാട്ടുനിന്നു പാലക്കാട്ടേക്കു വരികയായിരുന്ന ലോറിയും കോങ്ങാട് ഭാഗത്തേക്കു പോയിരുന്ന മാരുതി സ്വിഫ്റ്റ് കാറുമാണ് അപകടത്തിൽപെട്ടത്. ഇരുവാഹനങ്ങളും അമിതവേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
ലോറിയുടെ അടിയിലേക്കു കാർ ഇടിച്ചുകയറി. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. സ്ഥിരം അപകടമുണ്ടാകുന്ന മേഖലയാണിതെന്നു പറയുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.