നവീൻ ബാബുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് ഗവർണർ
Wednesday, October 23, 2024 2:16 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ വീട്ടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശനം നടത്തി.
ഇന്നലെ ഉച്ചയോടെ മലയാലപ്പുഴ പത്തിശേരി കാരുവള്ളിൽ വീട്ടിലെത്തിയ ഗവർണർ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ, മക്കളായ നിരുപമ, നിരഞ്ജന എന്നിവരെ ആശ്വസിപ്പിച്ചു. സഹോദരൻ പ്രവീൺ ബാബു, മറ്റ് ബന്ധുക്കൾ എന്നിവരുമായും ഗവർണർ സംസാരിച്ചു.
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുകൊള്ളുക എന്നതു മാത്രമാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീടു മാധ്യമങ്ങളോടു പറഞ്ഞു.
ഏതെങ്കിലും സാഹചര്യത്തിൽ കേസന്വേഷണവുമായി ബന്ധപ്പെട്ട് അതൃപ്തിയുണ്ടായാൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് അക്കാര്യം രാജ്ഭവനെ അറിയിക്കാമെന്നും അങ്ങനെ വന്നാൽ താൻ അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം നടന്നുവരുന്ന വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ഗവർണർ പറഞ്ഞു.
സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ ജി.ആർ. അനിൽ, ആർ. ബിന്ദു എന്നിവരും ഇന്നലെ നവീന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.