ബിജെപി വിജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർഥിയെ പിൻവലിക്കും: അൻവർ
Wednesday, October 23, 2024 1:11 AM IST
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ഡിഎംകെ സ്ഥാനാർഥിയെ പിൻവലിക്കുന്ന കാര്യത്തിൽ ഉടനെ തീരുമാനമുണ്ടാകുമെന്നു പി.വി. അൻവർ എംഎൽഎ. മണ്ഡലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണു തീരുമാനം.
ബിജെപി ജയിക്കുന്ന സാഹചര്യമുണ്ടെങ്കിൽ സ്ഥാനാർഥിയെ പിൻവലിക്കുമെന്ന് അൻവർ വ്യക്തമാക്കി.
ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്നാഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവർ പ്രതികരിച്ചു.
“പാലക്കാട് മണ്ഡലത്തിൽ ബിജെപി ജയിക്കും. ആ അവസ്ഥയിലേക്കു പോകുകയാണു കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്വം എന്റെ തലയിൽ ഇടാനാണു ശ്രമം. കോണ്‍ഗ്രസിന്റെ അവസാനവാക്ക് സതീശനല്ല.
യുഡിഎഫിനു പിന്നാലെ ഞാൻ പോയിട്ടില്ല. കോണ്‍ഗ്രസിന് ഒരു വാതിൽ മാത്രമല്ല ഉള്ളത്. കെപിസിസിയുടെ ജനലുകളും വാതിലുകളും തുറന്നിട്ടിരിക്കുകയാണ്”- അൻവർ പറഞ്ഞു.