ശബരിമലയോട് സർക്കാരിന് അവഗണന: രമേശ് ചെന്നിത്തല
Wednesday, October 23, 2024 1:11 AM IST
തിരുവനന്തപുരം: ശബരിമല തീർഥാടനക്കാര്യത്തിൽ സർക്കാർ തികഞ്ഞ അവഗണനയാണു കാണിക്കുന്നതെന്ന് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
ഇത്രയും ഭക്തജനത്തിരക്കുള്ള സ്ഥലത്ത് മണിക്കൂറുകളോളം പവർ കട്ട് ഉണ്ടാകൂ എന്നത് അംഗീകരിക്കാനാവില്ല. മണ്ഡലകാലം അല്ലാതിരുന്നിട്ടു പോലും കഴിഞ്ഞ നാലു ദിവസങ്ങളായി അഭൂതപൂർവമായ തിരക്കാണ് ശബരിമലയിൽ.
ഭക്തർ അഞ്ചും ആറും മണിക്കൂറുകൾ ദർശനത്തിനായി ക്യൂ നിൽക്കേണ്ടിവരുന്നു. ഭക്തജനത്തിരക്കു നിയന്ത്രിക്കാൻ വേണ്ട സംവിധാനങ്ങൾ ശബരിമലയിൽ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്.
ആവശ്യത്തിനു പോലീസിനെ സന്നിധാനത്ത് നിയോഗിച്ചിട്ടില്ല. ശബരിമലയിൽ ഭക്തർ സന്തോഷത്തോടെ ദർശനം നടത്തി മടങ്ങുന്നതിൽ സർക്കാരിനു താത്പര്യമില്ലാത്തതുപോലെയാണു കാര്യങ്ങളെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.