ബൈക്ക് സ്കൂട്ടറിലിടിച്ച് യുവതിക്കു ദാരുണാന്ത്യം
Wednesday, October 23, 2024 1:11 AM IST
പനങ്ങാട്: ദേശീയപാതയിൽ ബൈക്ക് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. പള്ളുരുത്തി നെൽസണ്‍ മണ്ടേല റോഡിൽ നെടുംപറന്പ് വീട്ടിൽ സനില (37) യാണു മരിച്ചത്.
സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന സുജ സുബീഷ് (40), ബൈക്ക് യാത്രക്കാരൻ ആർ. ഷിനോദ് (50) എന്നിവരെ പരിക്കുകളോടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടവനയിൽ ഇന്നലെ രാവിലെ 8.30യോടെയായിരുന്നു അപകടം.
അരൂർ ഭാഗത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിൽ മറ്റൊരു ബൈക്കിന്റെ മിറർ തട്ടി. തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മീഡിയൻ മറികടന്ന് എതിർദിശയിലെ ട്രാക്കിലേക്ക് മറിഞ്ഞു. ഈ സമയം ഇതിലൂടെ വന്ന ബൈക്ക് സ്കൂട്ടറിലിടിച്ച് സനിലയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.
മൂന്നു പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിലയുടെ ജീവൻ രക്ഷിക്കാനായില്ല. സനിലയുടെ സംസ്കാരം ഇന്നു 12ന് പള്ളുരുത്തി ശ്മശാനത്തിൽ. ഭർത്താവ്: കലജൻ. മകൻ: ശ്രേയസ് കുമാർ.