ഐഎസ്എല്ലിൽ ലീഗ് വിന്നേഴ്സ് ഷീൽഡിനൊപ്പം ചാന്പ്യൻസ് കപ്പും നേടി ബഗാന് ഡബിൾ
Sunday, April 13, 2025 1:26 AM IST
കോല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2024-25 സീസണില്‍ ഡബിള്‍ ട്രോഫി സ്വന്തമാക്കി മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്.
ലീഗ് ടേബിളില്‍ ഒന്നാം സ്ഥാനത്തോടെ വിന്നേഴ്സ് ഷീല്‍ഡ് സ്വന്തമാക്കിയ മോഹന്‍ ബഗാന്, ഇന്നലെ നടന്ന ഫൈനലില്‍ ബംഗളൂരു എഫ്സിയെ കീഴടക്കി ഐഎസ്എല്‍ ചാമ്പ്യന്‍സ് കപ്പില്‍ മുത്തംവച്ചു. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിന്റെ കന്നി ലീഗ് ഡബിളാണ്. മുംബൈ സിറ്റി എഫ്സി (2020-21) മാത്രമാണ് ഇതിനു മുമ്പ് ലീഗ് ഡബിള്‍ തികച്ച ഏകടീം.
അധിക സമയത്ത് ജയം
കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ ഫൈനലില്‍ 2-1നു ബംഗളൂരു എഫ്സിയെ കീഴടക്കിയാണ് മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് ചാമ്പ്യന്‍സ് കപ്പ് സ്വന്തമാക്കിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 49-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസിന്റെ സെല്‍ഫ് ഗോളിലൂടെ ബംഗളൂരു എഫ്സി ലീഡ് നേടി.
എന്നാല്‍, 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജേസണ്‍ കമ്മിംഗ്സ് ആതിഥേയരെ ഒപ്പമെത്തിച്ചു. തുടര്‍ന്ന് വിജയഗോളിനായി ഇരുടീമും പരിശ്രമിച്ചെങ്കിലും നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ മത്സരം അധിക സമയത്തേക്ക്.
അധിക സമയത്തിന് ആറു മിനിറ്റ് ദൈര്ഘ്യമായപ്പോള് മത്സരത്തിന്റെ വിധിനിര്ണയിച്ച് ജേമി മക്ലാരന്റെ ഗോളെത്തി. ഗ്രെഗ് സ്റ്റീവര്‍ട്ടിന്റെ പാസ് ആയിരുന്നു ഗോളിലേക്കു വഴിതെളിച്ചത്.
സ്റ്റീവര്‍ട്ടിന്റെ പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ബംഗളൂരു പ്രതിരോധത്തിനു പിഴച്ചു. പന്ത് റാഞ്ചിയ മക്ലാരന് (96’) വെട്ടിത്തിരിഞ്ഞ് ഷോട്ട് ഉതിര്‍ത്തു. ബംഗളൂരു എഫ്സി ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിനെ കീഴടക്കി പന്ത് വലയില്‍, മോഹന്‍ ബഗാന് ഐഎസ്എല്‍ ചാമ്പ്യന്‍ പട്ടവും.
പകരം വീട്ടാന്‍ കഴിഞ്ഞില്ല
2022-23 സീസണ് ഫൈനലില്‍ മോഹന്‍ ബഗാനോടു പരാജയപ്പെട്ടതിന്റെ പകരം വീട്ടാന്‍ ബംഗളൂരു എഫ്സിക്കു സാധിച്ചില്ല. അന്ന് നിശ്ചിത സമയത്തിനും അധികസമയത്തിനുംശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ആയിരുന്നു മോഹന്‍ ബഗാന്റെ ജയം.
മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് എന്ന പേരിലേക്കു മാറിയശേഷം ക്ലബ്ബിന്റെ രണ്ടാം ഐഎസ്എല്‍ ചാമ്പ്യന്‍സ് കപ്പാണ്.