സിറാജ് പവര്‍; ഗുജറാത്ത് ടൈറ്റന്‍സിന് രണ്ടാം ജയം
Monday, April 7, 2025 1:37 AM IST
ഹൈദരാബാദ്: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 18-ാം സീസണില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തന്റെ പവര്‍ വ്യക്തമാക്കി മിയാന്‍, ഡിഎസ്പി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് സിറാജ്. 2025 സീസണില്‍ എത്തിയ സിറാജിന്റെ മാസ്മരിക ബൗളിംഗില്‍ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം ജയം സ്വന്തമാക്കി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സ് കീഴടക്കി. ഐപിഎല്‍ കരിയറിലെ ഏറ്റവും മികച്ച ബൗളിംഗുമായി (4/17) കളംനിറഞ്ഞ മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.
റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരേ 3/19 എന്ന ബൗളിംഗ് പ്രകടനവുമായി തിളങ്ങിയ മുഹമ്മദ് സിറാജ് സണ്‍റൈസേഴ്സിന് എതിരേ ഒരു പടികൂടി മുകളിലേക്കുയര്‍ന്നു. ഐപിഎല്‍ 2025 സീസണ് പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് (6), ഏറ്റവും കൂടുതല്‍ ഡോട്ട് ബോള്‍ (40) എന്നീ നേട്ടങ്ങളും സിറാജിനു സ്വന്തം.
രണ്ട് മുന്‍താരങ്ങള്‍
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ രണ്ട് മുന്‍താരങ്ങള്‍ (സിറാജും വാഷിംഗ്ടണ്‍ സുന്ദറും) ചേര്‍ന്നാണ് ഗുജറാത്ത് ടൈറ്റന്‍സിനു ജയം സമ്മാനിച്ചത്. സണ്‍റൈസേഴ്സിന്റെ ബാറ്റിംഗ് കരുത്തായ അഭിഷേക് ശര്‍മ (18), ട്രാവിസ് ഹെഡ് (8), അനികേത് വര്‍മ (18), സിമര്‍ജീത് സിംഗ് (0) എന്നിവരെയാണ് സിറാജ് ഇന്നലെ പുറത്താക്കിയത്.
153 റണ്‍സ് എന്ന ലക്ഷ്യത്തിനായി ഗുജറാത്ത് ബാറ്റ് ചെയ്യുമ്പോള്‍ നാലാം നമ്പറായാണ് വാഷിംഗ്ടണ്‍ സുന്ദര്‍ ക്രീസിലെത്തിയത്. വിശ്വസ്തരായ സായ് സുദര്ശന് (5), ജോസ് ബട്ലര് (0) എന്നിവര്‍ പുറത്തായി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സ് ആയിരുന്നു ഗുജറാത്തിന്റെ സമ്പാദ്യം. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഒപ്പം ചേര്‍ന്ന വാഷിംഗ്ടണ്‍ സുന്ദര്‍ 29 പന്തില്‍ രണ്ടു സിക്സും അഞ്ച് ഫോറും അടക്കം 49 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഗില്ലിന് ഒപ്പം 90 റണ്‍സ് കൂട്ടുകെട്ടും സ്ഥാപിച്ചു.
സിറാജ് 100, ഷമി 50
ഐപിഎല്‍ ചരിത്രത്തില്‍ 100 വിക്കറ്റ് എന്ന നേട്ടത്തില്‍ മുഹമ്മദ് സിറാജ് എത്തി. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകള്‍ക്കുവേണ്ടിയാണ് സിറാജ് ഇതുവരെ കളിച്ചത്.
ഐപിഎല്‍ പവര്‍പ്ലേയില്‍ 50 വിക്കറ്റ് എന്ന നേട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ മുഹമ്മദ് ഷമി എത്തി. ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാം ബൗളറാണ് ഷമി. സണ്‍റൈസേഴ്സിന് എതിരേ ഷമി 28 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി.
ഗില്ലിന്റെ തീരുമാനം
ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 34 പന്തില്‍ 31 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡി, ഒമ്പത് പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, ഹെൻറിച്ച് ക്ലാസന് (19 പന്തില്‍ 27) എന്നിവര്‍ മാത്രമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്നിംഗ്സില്‍ തിളങ്ങിയത്.
ചേസിംഗിനിടിെ സായ് സുദര്ശന് (5), ബട്ലര് (0), വാഷിംഗ്ടണ്‍ സുന്ദര്‍ (49) എന്നിവരുടെ വിക്കറ്റ് മാത്രമേ ഗുജറാത്തിനു നഷ്ടപ്പെട്ടുള്ളൂ. ശുഭ്മാന്‍ ഗില്‍ 43 പന്തില്‍ 61 റണ്‍സുമായും ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡ് 16 പന്തില്‍ 35 റണ്‍സുമായും പുറത്താകാതെ നിന്നു.