നൗ ലക്നോ ടൈം
Saturday, April 5, 2025 1:36 AM IST
ലക്നോ: തുടർ തോൽവികളിൽനിന്ന് മുക്തി നേടി റിഷഭ് പന്തിന്റെ ലക്നോ സൂപ്പർ ജയന്റ്്സ്.
സ്വന്തം തട്ടകത്തിൽ നടന്ന ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ 12 റണ്‍സിന് തകർത്ത് ലക്നോ പട്ടികയിൽ ആറാം സ്ഥാനത്തേക്കുയർന്നു. നാല് മത്സരങ്ങളിൽ മുംബൈയുടെ മൂന്നാം തോൽവിയാണിത്.
ലക്നോ ഭാരത രത്ന ശ്രീ അടൽ ബിഹാരി വാജ്പേയ് എക്നാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു.
തീരുമാനം തെറ്റെന്ന് തെളിയിച്ച് ലക്നോ ഓപ്പണർമാർ മുംബൈ ബൗളർമാരെ അടിച്ചുപറത്തി. ഏഴ് ഓവറിൽ 76 റണ്‍സ് ചേർത്തശേഷമാണ് കൂട്ടുകെട്ട് പിരിഞ്ഞത്.
മലയാളി താരം വിഘ്നേഷ് പുത്തൂർ തന്റെ ആദ്യ ഓവറിലെ അവസാന പന്തിൽ മിച്ചൽ മാർഷിനെ (60) റിട്ടേണ്‍ ക്യാച്ചിൽ പുറത്താക്കിയാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ ലക്നോവിന്റെ വൻകുതിപ്പിന് തടയിട്ടു.
മികച്ച തുടക്കം മുതലാക്കി പിന്നീടെത്തിയ ബാറ്റർമാരും ആഞ്ഞടിച്ചതോടെ ലക്നോ സ്്കോർ 200 കടന്നു. ക്യാപ്റ്റൻ റിഷഭ് പന്ത് (രണ്ട്) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ഓപ്പണർ രോഹിത് ശർമയില്ലാതെ ഇറങ്ങിയ മുംബൈക്ക് ഇത്തവണയും താളം കണ്ടെത്താനായില്ല. സൂര്യകുമാർ യാദവ് (67) തകർത്തടിച്ചെങ്കിലും ജയം നേടാനായില്ല. സ്കോർ: ലക്നോ: 20 ഓവറിൽ 203/8. മുംബൈ: 20 ഓവറിൽ 191/5.
മിന്നിച്ച തുടക്കം:
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നോവിന്റെത് മിന്നും തുടക്കമായിരുന്നു. ഓപ്പണർമാരായ മിച്ചൽ മാർഷ് (60), എയ്ഡൻ മക്രം (38 പന്തിൽ 53) എന്നിവരുടെ അർധസെഞ്ചുറികൾ ടീമിനെ വൻ സ്കോറിലേക്ക് നയിച്ചു. ഏഴ് ഓവറിൽ 76 റണ്‍സ് നേടിയശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്.
ആയുഷ് ബദോനിയുടെയും (30), ഡേവിഡ് മില്ലറിന്റെയും (27) കൂറ്റനടികൾ സ്കോർ 200 കടത്തി. ലക്നോവിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് വിഘ്നേഷ് തകർത്ത് തുടക്കമിട്ട വിക്കറ്റ് വേട്ട പൂർണമാക്കിയത് നാല് ഓവറിൽ 36 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയാണ്. ട്രെന്റ് ബോൾട്ട്, അശ്വനി കുമാർ എന്നിവരും ഓരോ വിക്കറ്റ് നേടി.
താളമില്ലാതെ മുംബൈ:
തുടർ തോൽവികൾ ഏറ്റുവാങ്ങിയ മുംബൈക്ക് ഇന്നലത്തെ മത്സരത്തിലും താളം കണ്ടെത്താനായില്ല. രോഹിത് ശർമയുടെ അഭാവത്തിൽ റയാൻ റിക്കൽടനൊപ്പം (5) ഓപ്പണ്‍ ചെയ്ത വിൽ ജാക്സിനും (10) രക്ഷകനാകാൻ കഴിഞ്ഞില്ല.