മെഡൽ മേളം ; ദേശീയ ഗെയിംസ് തായ്ക്വാണ്ടോയിൽ മാർഗരറ്റ് മരിയ റെജിക്കു സ്വർണം
ഡെറാഡൂണിൽനിന്ന് അനിൽ തോമസ്
Sunday, February 9, 2025 3:48 AM IST
38-ാമത് ദേശീയ ഗെയിംസിൽ ഇന്നലെ കേരളത്തിന്റെ മെഡൽ മേളം. തായ്ക്വാണ്ടോയിൽനിന്ന് ഒരു സ്വർണം അടക്കം അഞ്ചും അത്ലറ്റിക്സിൽനിന്ന് മൂന്നും ഉൾപ്പെടെ ഇന്നലെ ആകെ എട്ടു മെഡൽ കേരളം സ്വന്തമാക്കി.
അത്ലറ്റിക്സ് മത്സരങ്ങളുടെ ആദ്യ ദിനത്തിൽ മത്സരിച്ച നാല് ഫൈനലുകളിൽ മൂന്നിലും കേരളത്തിനു വെങ്കല മെഡലുണ്ട്. വനിതാ പോൾവോൾട്ടിൽ മരിയ ജയ്സണ് (3.90), പുരുഷ ലോംഗ്ജംപിൽ സി.വി. അനുരാഗ് (7.56), ഡിസ്കസ് ത്രോയിൽ അലക്സ് പി. തങ്കച്ചൻ (52.79) എന്നിവരാണ് വെങ്കലമണിഞ്ഞത്.
![](/Newsimages/medalist_20254feb09.jpg)
പോൾവോൾട്ടിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ ഉറപ്പിച്ചാണ് കേരളത്തിന്റെ മരിയ ജയ്സണും കൃഷ്ണ രചനും ഇന്നലെ മത്സരിച്ചത്. എന്നാൽ, നാല് മീറ്റർ മറികടക്കാൻ ഇരുവർക്കുമായില്ല. ഗോവയിലെ വെള്ളി മെഡൽ ജേതാവായ മരിയ 3.90 മീറ്റർ ഉയരം കീഴടക്കിയാണ് ഉത്തരഖണ്ഡിൽ വെങ്കലമണിഞ്ഞത്. കൃഷ്ണ രചൻ നാലാമതുമായി (3.80). തമിഴ്നാടിന്റെ പവിത്ര വെങ്കടേഷിനാണ് സ്വർണം (3.95). നിലവിലെ ദേശീയ റിക്കാർഡുകാരി റോണി മീണ 10-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പാലാ ഏഴാച്ചേരി കരിങ്ങോഴയ്ക്കൽ ജയ്സണ്-നൈസി ദന്പതികളുടെ മകളായ മരിയ ബംഗളൂരുവിൽ റെയിൽവേ ക്ലാർക്കാണ്. പ്രഥമ ഏഷ്യൻ സ്കൂൾ മീറ്റിൽ പോൾവോൾട്ടിലെ വെള്ളി ജേതാവാണ്.
ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയ അലക്സ് പി. തങ്കച്ചൻ കണ്ണൂർ ആലക്കോട് സ്വദേശിയാണ്. ത്രോ ഇനങ്ങളിൽ കേരളത്തിൽ യോഗ്യത നേടിയ ഒരേയോരു താരമായിരുന്നു.
ലോംഗ് ജംപിൽ 7.56 മീറ്റർ ചാടിയാണ് സി.വി. അനുരാഗിന്റെ വെങ്കല നേട്ടം. ഒഡീഷയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർയൂണിവേഴ്സിറ്റി ചാന്പ്യൻഷിപ്പിൽ 7.90 മീറ്റർ ചാടിയതാണ് ഇതുവരെയുള്ള മികച്ച ദൂരം. ബിഹാറിൽ നടന്ന അണ്ടർ 23 നാഷണൽ ചാന്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയിരുന്നു. കോഴിക്കോട് കുറ്റ്യാടി സ്വദേശിയാണ്.
വേഗക്കാർ
100 മീറ്ററിൽ 10.28 സെക്കൻഡിൽ ഓടിയെത്തി ഒഡീഷയുടെ അനിമേഷ് കുജൂർ ദേശീയ ഗെയിംസിന്റെ വേഗമേറിയ പുരുഷതാരമായി. വനിതകളുടെ 100 മീറ്ററിൽ മഹാരാഷ്ട്രയുടെ സുദേഷ്ന ശിവങ്കർ (11.76 സെക്കൻഡ്) സ്വർണം നേടി. ഹിമാചൽ പ്രദേശിന്റെ സവൻ ബർവാൾ 10,000 മീറ്ററിൽ റിക്കാർഡ് സമയം (28:49.93) കുറിച്ചു.
മാസ് മാർഗരറ്റ്...
ഡെറാഡൂണ്: ദേശീയ ചാന്പ്യൻ മാർഗരറ്റ് മരിയ റെജിയുടെ നേതൃത്വത്തിൽ തായ്ക്വാണ്ടോയിൽ മെഡൽ വാരിക്കൂട്ടി കേരളം. മാർഗരറ്റ് നേടിയ സ്വർണം ഉൾപ്പടെ ഇന്നലെ തായ്ക്വാണ്ടോ ഇനത്തിൽനിന്നു മാത്രം ഒരു സ്വർണവും നാല് വെങ്കലവും അടക്കം അഞ്ചു മെഡലുകളാണ് കേരള താരങ്ങൾ നേടിയത്. കഴിഞ്ഞ ദിവസം ഒരു വെങ്കല മെഡലും ലഭിച്ചിരുന്നു.
![](/Newsimages/marget_20254feb09.jpg)
അണ്ടർ 67 വിഭാഗം ക്യുരുഗിയിലാണ് മാർഗരറ്റിന്റെ സ്വർണം നേട്ടം. ദേശീയ ഗെയിംസിൽ മാർഗരറ്റ് നേടുന്ന മൂന്നാമത്തെ സ്വർണമാണിത്. കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലും കഴിഞ്ഞ ഗോവ നാഷണൽ ഗെയിംസിലും ഇതേ ഇനത്തിൽ സ്വർണമുണ്ടായിരുന്നു.
സാഫ് ഗെയിംസിൽ മൂന്ന് ഗോൾഡ് മെഡൽ നേടിയ മാർഗരറ്റ്, രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 10 തവണ ദേശീയ ചാന്പ്യനുമായിരുന്നു. കോട്ടയം കല്ലറ സ്വദേശിയായ റെജി കുര്യൻ, ജയ്മോൾ ദന്പതികളുടെ മൂത്ത മകളാണ് മാർഗരറ്റ് മരിയ. ദന്പതികളായ ബാലഗോപാലും കാനോൻ ബാലാ ദേവിയുമാണ് മാർഗരറ്റ് മരിയയുടെ പരിശീലകർ.
80 കിലോ വിഭാഗത്തിൽ മനു ജോർജ്, അണ്ടർ 53 കിലോ വിഭാഗത്തിൽ മണിപ്പുരി സ്വദേശിയായ ശിവാഗി ചനന്പം, അണ്ടർ 63 വിഭാഗത്തിൽ ബി. ശ്രീജിത്ത് എന്നിവരാണ് ക്യുരുഗി ഇനത്തിൽ വെങ്കലം നേടിയത്.
ഒത്തുകളി വിവാദം
ഡെറാഡൂണ്: നെറ്റ്ബോളിലെ ഒത്തുകളി വിവാദത്തിൽ കേരളത്തിന് അനുകൂലമായ തീരുമാനം മലയാളിയായ പി.ടി. ഉഷ പ്രസിഡന്റായിരിക്കുന്ന ഇന്ത്യൻ ഒളിന്പിക് അസോസിയേഷനിൽനിന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇനിയുള്ള മത്സരങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കാമെന്ന് ഉഷ കേരള പ്രതിനിധികൾക്ക് ഉറപ്പ് നൽകി.
റഫറിമാരുടെ പിഴവുകൾക്ക് എതിരേ കേരളത്തിന്റെ ചെഫ് ഡി മിഷൻ സെബാസ്റ്റ്യൻ സേവ്യർ ഉൾപ്പെടെ നിലപാട് കടുപ്പിച്ചതോടെയാണ് പ്രശ്നം നേരിട്ട് മനസിലാക്കാൻ ഉഷ മത്സരവേദിയിലെത്തിയത്.