രാപകൽ ആശങ്ക... ചാന്പ്യൻസ് ലീഗിനുള്ള ഡ്രസ് റിഹേഴ്സൽ
Thursday, February 6, 2025 4:06 AM IST
നാഗ്പുർ: ഇന്നേക്കു 13-ാം നാളിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് പോരാട്ടത്തിനുള്ള ഡ്രസ് റിഹേഴ്സലിനായി ടീം ഇന്ത്യ കളത്തിൽ. എതിരാളികളായ ഇംഗ്ലണ്ടിനും കാര്യങ്ങൾ സമാനം.
എന്നാൽ, സൂര്യകുമാർ യാദവ് നയിച്ച ട്വന്റി-20 ടീമിനോട് 4-1നു പരന്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം, രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ ഏകദിന സംഘത്തോടു തീർക്കാനാണ് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30നാണ് ഇന്ത്യ x ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ ആദ്യ മത്സരം. മൂന്നു മത്സരങ്ങളാണ് പരന്പരയിൽ ഉള്ളത്.
ആശങ്കകൾ പലത്
ട്വന്റി-20യിൽ കളിച്ച ടീമല്ല ഏകദിനത്തിൽ ഇന്ത്യൻ ജഴ്സിയിൽ എത്തുക. രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയ വന്പന്മാരെല്ലാം ഇന്ത്യക്കായി അണിനിരക്കം. എങ്കിലും ടീം ഇന്ത്യയെ സംബന്ധിച്ച് ആശങ്കകൾ പലതാണ്. മുൻനിര ബാറ്റർമാരായ കോഹ്ലി, രോഹിത് എന്നിവരുടെ ബാറ്റിംഗ് ഫോമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക.
2023 ഐസിസി ഏകദിന ലോകകപ്പിൽ റൺവേട്ടക്കാരിൽ ഒന്നാമനായ കോഹ്ലി, പിന്നീട് തീർത്തും ഫോം ഔട്ട് ആയി. പിന്നീട് ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയിലെ മൂന്ന് ഇന്നിംഗ്സിൽനിന്ന് വെറും 58 റൺസ് മാത്രമായിരുന്നു കോഹ്ലിക്കു നേടാൻ സാധിച്ചത്.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിലെ മോശം ഫോമിനുശേഷം രഞ്ജി ട്രോഫിയിൽ കളിച്ചെങ്കിലും രോഹിത്തിനും കോഹ്ലിക്കും ശ്രദ്ധേയ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.
ബുംറ ഉറപ്പില്ല
സ്കാനിംഗ് റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞു മാത്രമേ പേസർ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരേ കളിക്കുമോ എന്നു സ്ഥിരീകരിക്കാൻ സാധിക്കൂ എന്നാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിലെത്തിയപ്പോൾ പറഞ്ഞത്.
പരിക്കിനുശേഷം ട്വന്റി-20 പരന്പരയിലൂടെ തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ കൃത്യതയും ടീമിനെ പ്രകടനത്തിൽ നിർണായകമാകും. ട്വന്റി-20 പരമ്പരയിൽ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഷമി റൺസ് വഴങ്ങിയിരുന്നു. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ആരായിരിക്കും എന്നതും കണ്ടറിയണം.
ആദ്യ ഹോം പരന്പര
2023 ഐസിസി ഏകദിന ലോകകപ്പിനുശേഷം ടീം ഇന്ത്യ സ്വദേശത്തു കളിക്കുന്ന ആദ്യ ഏകദിന പരന്പരയാണ് ഇംഗ്ലണ്ടിനെതിരേ ഇന്നാരംഭിക്കുന്നത്. മാത്രമല്ല, ചാന്പ്യൻസ് ട്രോഫിക്കു മുന്നോടിയായി അവസാനവട്ട ഒരുക്കത്തിനുള്ള അവസരവുമാണ്.